• പൂങ്ങോട് വനത്തിനുള്ളിലെ ജലാശയം
വടക്കാഞ്ചേരി : വെള്ളത്തിനായി വന്യജീവികൾ കാടിറങ്ങുന്നത് ഒഴിവാക്കാൻ കാടിനുള്ളിൽ കുളങ്ങളൊരുക്കി വനംവകുപ്പ്. നബാർഡിന്റെ സഹായത്തോടെ സ്വാഭാവിക വനവത്‌കരണം നടക്കുന്ന പൂങ്ങോട് വനമേഖലയിലാണ് നാലു കുളങ്ങൾ പുതിയതായി തീർത്തത്. കുറ്റിമരുത്, ചേന്നാത്തു കാട്, ഇല്ലിക്കുണ്ട്, അത്തിക്കച്ചാൽ എന്നിവിടങ്ങളിലാണ് കുളങ്ങൾ കുഴിച്ചത്.
ഇതിനു പുറമേ തടയണകളും കുളങ്ങളുമായി വടക്കാഞ്ചേരി റേഞ്ചിലെ മൂന്നു വനംസ്റ്റേഷന്റെ പരിധികളിലായി എട്ട് ജലാശയങ്ങൾ കൂടി വന്യജീവികൾക്ക് ദാഹജലത്തിനായി പ്രയോജനപ്പെടുന്നവയാണെന്നു റേഞ്ച് ഓഫീസർ ധനിക് ലാൽ പറഞ്ഞു.
മച്ചാട് വനം റേഞ്ചിന്റെ പരിധിയിൽ വാഴാനി, പത്താഴക്കുണ്ട്, അസുരൻകുണ്ട് അണക്കെട്ടുകളുള്ളതിനാൽ വന്യജിവികളിലധികവും വെള്ളത്തിനായി അവിടെ എത്തി ചേരും.
വനമേഖലയിലെ ചില ചോലകളിലും വെള്ളമുണ്ട്. കാട്ടാനകൾ പോലും വെള്ളത്തിനായി വാഴാനിയിലെത്തുന്നു.
വേനൽ രൂക്ഷമാകുന്നതോടെ വനത്തിലെ ജല സ്രോതസ്സുകൾ അണക്കെട്ടുകൾ മാത്രമായി പരിമിതപ്പെടും. ആവാസകേന്ദ്രങ്ങളിൽ വെള്ളം മാത്രമല്ല തീറ്റയും കിട്ടാത്ത അവസ്ഥയിലാണ് വന്യജീവികൾ കാടിറങ്ങുന്നത്. വടക്കാഞ്ചേരി, മച്ചാട് വനമേഖല വൈവിധ്യമാർന്ന മാനുകളുടെ ആവാസയിടമാണ്. വേനൽ ശക്തമാവുന്നതോടെ മ്ലാവുകൾ ഉൾപ്പെടെ നാട്ടിലേക്ക് ഇറങ്ങും. ഓരോ വേനൽക്കാലത്തും അനവധി മാനുകൾ ചത്തൊടുങ്ങും. തെരുവുപട്ടികളുടെ കടിയേറ്റാണ് അധികവും ചത്തൊടുങ്ങുക.
റോഡും റെയിലും മുറിഞ്ഞു കടക്കുന്നതിനിടയിൽ വാഹനമിടിച്ചും ട്രെയിൽ തട്ടിയും മാനുകൾക്ക് ജീവഹാനി സംഭവിക്കുന്നത് സാധാരണയാണ്.
കാട്ടുപന്നികളും മലയണ്ണാനും കുരങ്ങന്മാരും മയിലുകളുമെല്ലാം നാട് കാടാക്കിയതോടെ ഇവിടെ കുത്തുപാളയെടുക്കേണ്ടി വന്നത് കർഷക സമൂഹമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..