കാർഷിക സർവകലാശാലയിൽ യുവാക്കളുടെ അതിക്രമം


1 min read
Read later
Print
Share

മണ്ണുത്തി : കാർഷിക സർവകലാശാലയിൽ മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. പുറത്തുനിന്നെത്തിയ യുവാക്കൾ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും കത്തിവീശി സെക്യൂരിറ്റി ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ മണ്ണുത്തി പണിക്കവീട്ടിൽ നൗഫൽ (25), ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന മറ്റൊരു യുവാവ് എന്നിവരുടെ പേരിൽ മണ്ണുത്തി പോലീസ് കേസെടുത്തു.

‌വെള്ളിയാഴ്‌ച രാത്രി 9.30-നാണ് സംഭവം. സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാക്കളിൽ ഒരാൾ കാമ്പസിലുണ്ടായിരുന്ന വിദ്യാർഥിനികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു. ഇത് വിദ്യാർഥികൾ ചോദ്യംചെയ്തതായിരുന്നു സംഭവങ്ങൾക്കു തുടക്കം. തർക്കം തുടർന്നപ്പോൾ സുരക്ഷാജീവനക്കാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. തുടർന്നാണ് നൗഫൽ കത്തിയൂരി ഭീഷണിപ്പെടുത്തിയത്. സർവകലാശാലാ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണുത്തി പോലീസ് യുവാവിനെ അറസ്റ്റ്ചെയ്ത് സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ എം. ഷാജി വീണ്ടും പരാതി നൽകി.

സർവകലാശാലയുടെ വെള്ളാനിക്കര മെയിൻ കാമ്പസിൽ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാണെന്ന് പരാതിയുണ്ട്.

വിദ്യാർഥികൾ പ്രതിഷേധിച്ചു

വിദ്യാർഥികൾക്കുനേരെ പുറത്തുനിന്നുള്ളവർ അതിക്രമം കാട്ടുന്നതിൽ പ്രതിഷേധം. കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.െഎ. പ്രവർത്തകരും പ്രകടനം നടത്തി. ‌പരാതികൾ നിലവിലുണ്ടെങ്കിലും സർവകലാശാലാ അധികൃതർ ശക്തമായ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. രാഷ്ട്രീയ ഇടപെടലുകൾ കാരണം പോലീസും വിഷയത്തിൽ താത്‌പര്യമെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വിദ്യാർഥിനികളെ അസഭ്യം പറഞ്ഞു

സുരക്ഷാജീവനക്കാരനു നേരെ കത്തി വീശി

നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം

തൃശ്ശൂർ : കാർഷിക സർവകലാശാലാ കാമ്പസിൽ രാത്രി അതിക്രമിച്ചുകയറി വിദ്യാർഥിനികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരേ ഉടൻ നടപടി സ്വീകരിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ഡി.ജി.പി.ക്ക് നിർദേശം നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..