ചാലക്കുടിച്ചന്തയിൽ ആധുനിക മത്സ്യസ്റ്റാളുകൾ സ്ഥാപിക്കാൻ നിർദേശിക്കപ്പെട്ട സ്ഥലം
ചാലക്കുടി : ഫിഷറീസ് വകുപ്പ് വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച ചാലക്കുടി മാർക്കറ്റിലെ ആധുനിക മത്സ്യമാർക്കറ്റ് സ്റ്റാളിന്റെ നിർമാണം തുടങ്ങാൻ നടപടികളായി. നിലവിലുള്ള മാർക്കറ്റിന്റെ തെക്കു-പടിഞ്ഞാറേ മൂലയിലാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുക. ഇവിടെ പ്രവർത്തിക്കുന്ന 16 സെമി പെർമനന്റ് സ്റ്റാളുകൾ പൊളിച്ചുനീക്കേണ്ടി വരും. പച്ചക്കറി, ടീ സ്റ്റാളുൾപ്പടെയുള്ളവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുവേണം സ്റ്റാളുകൾ പൊളിക്കാൻ. ബദൽസംവിധാനം ഏർപ്പെടുത്താൻ കടയുടമകളുമായി നടത്തിയ യോഗത്തിൽ ധാരണയായിട്ടുണ്ട്.
നിലവിലുള്ള മാർക്കറ്റ് കോമ്പൗണ്ടിന്റെ വടക്കുകിഴക്കേ മൂലയിൽ, നേരത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇവർക്കായി സൗകര്യം ഒരുക്കാനാണ് തീരുമാനം. നിലവിൽ ഇവിടെ ഏതാനും കടമുറികളുണ്ട്. ഇതിനോടുചേർന്ന് കൂടുതൽ കടമുറികൾ നഗരസഭ പണിയും. മത്സ്യമാർക്കറ്റിന്റെ മാതൃകയ്ക്ക് രൂപം കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഫിഷറീസ് വകുപ്പിന്റെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. സ്റ്റാളുകളിലേക്കുള്ള മത്സ്യം എത്തിക്കുന്ന വാഹനങ്ങൾ പിന്നിലൂടെയാകും എത്തുക. പിന്നിലൂടെത്തന്നെ മടങ്ങും. ആധുനിക സൗകര്യങ്ങളുള്ള 24 പുതിയ സ്റ്റാളുകളാണ് നിർമിക്കുന്നത്. 2.93 കോടി രൂപ ഇതിനായി ഫീഷറീസ് വകുപ്പ് നീക്കിവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..