തൃശ്ശൂർ : വെറും മണ്ണിൽ നാല് കുറ്റിയടിച്ച് അതിനുമുകളിൽ ടാർപ്പായ വലിച്ചുകെട്ടിയാണ് ഷൈലേഷും ഭാര്യ സരിതയും രണ്ടു കുഞ്ഞുങ്ങളും അന്തിയുറങ്ങിയിരുന്നത്. പല്ലിശ്ശേരിയിലെ അഞ്ച് സെന്റ് സ്ഥലത്ത് ഒറ്റമുറിയെന്ന് വേണമെങ്കിൽ പറയാവുന്ന ഒരു ഷെഡ്ഡിൽനിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് ജീവിതം പറിച്ചുനടാനാകുമെന്ന അവരുടെ സ്വപ്‌നം തിങ്കളാഴ്ച യാഥാർഥ്യമാകും. മഴപെയ്താൽ വെള്ളത്തിൽ കിടക്കേണ്ടിവരുന്ന അവസ്ഥയിൽനിന്ന് ഈ കുടുംബത്തിന് സഹായമായെത്തിയത് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ഒരുക്കിയ 'എന്റെ വീട്' പദ്ധതിയാണ്.
ഊരകം വല്ലച്ചിറ പഞ്ചായത്ത് 10-ാം വാർഡ് പഴമ്പിള്ളിപറമ്പിൽ പി.പി. ഷൈലേഷും ഭാര്യ സരിതയും പത്തും നാലും വയസ്സുള്ള രണ്ട് മക്കളും തിങ്കളാഴ്ച 'പ്രസാദം' എന്ന് പേരിട്ടിരിക്കുന്ന സ്വപ്‌നഭവനത്തിൽ ജീവിതമാരംഭിക്കും. ഇരിങ്ങാലക്കുടയിലെ സ്വകാര്യ പ്രസിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഷൈലേഷും കുടുംബവും കെട്ടുറപ്പുള്ള ഒരു വീട് സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് നാളേറെയായി. റേഷൻ കാർഡ് ലഭിക്കാനുണ്ടായ കാലതാമസംമൂലം സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് മാതൃഭൂമി പത്രത്തിൽനിന്ന് 'എന്റെ വീട്' പദ്ധതിയെക്കുറിച്ചറിയുന്നതും അപേക്ഷിക്കുന്നതും. 380 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് മേളപ്രാമാണികൻ പെരുവനം കുട്ടൻമാരാർ ‘പ്രസാദം’ എന്ന വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും. എന്റെ വീട് പദ്ധതിവഴി നിർമിച്ചുനൽകുന്ന ഒമ്പതാമത്തെ വീടാണിത്. ആറാട്ടുപുഴ പൂരം കൊടിയേറുന്നതിന് തൊട്ടുമുമ്പുതന്നെ പുതിയ വീട്ടിൽ കയറാനാകുന്നത് വലിയ അനുഗ്രഹമാണെന്നും ഈ വീട് ശാസ്താവ് തന്ന പ്രസാദമാണെന്നും ഷൈലേഷും സരിതയും പറയുന്നു. അതുകൊണ്ടാണ് വീടിന് 'പ്രസാദം' എന്നുതന്നെ പേരുനൽകിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..