• മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്ക് നിവേദനം നൽകുന്നു
ചാവക്കാട് : ജനവാസകേന്ദ്രങ്ങളെ നിർദിഷ്ട തീരദേശ ഹൈവേയുടെ അലൈൻമെന്റിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി. നിലവിലുള്ള പൊതുമരാമത്ത് (അഹമ്മദ് കുരിക്കൾ) റോഡ് വീതി കൂട്ടി തീരദേശ ഹൈവേ പണിതാൽ വളരെ കുറച്ച് വീടുകളെയും കെട്ടിടങ്ങളെയും മാത്രമേ ബാധിക്കുകയുള്ളുവെന്ന് നിവേദനത്തിൽ പറയുന്നു.
നിർദിഷ്ട അലൈൻമെന്റ് പ്രകാരം തീരദേശ ഹൈവേ പണിതാൽ കടപ്പുറം പഞ്ചായത്തിലെ മുന്നൂറോളം വീടുകൾ പൂർണമായും പൊളിച്ചുമാറ്റേണ്ടിവരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മത്സ്യത്തൊഴിലാളികളും തിങ്ങി താമസിക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കുന്നത് ജനങ്ങളോട് ചെയ്യുന്ന നീതിയായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അലൈൻമെന്റ് തയ്യാറാക്കുമ്പോൾ പഞ്ചായത്തിനോടോ പ്രദേശത്തെ ജനപ്രതിനിധികളോടോ രാഷ്ടീയപാർട്ടി പ്രതിനിധികളോടോ ചർച്ച പോലും നടത്തിയിട്ടില്ലെന്നും നിവേദനത്തിൽ പറഞ്ഞു. അതുകൊണ്ട് ഭൂമിയും വസ്തുവും നഷ്ടമാകുന്നവരുടെ അടിയന്തര യോഗം വിളിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
പി.കെ. അബൂബക്കർ, പി.വി. ഉമ്മർ കുഞ്ഞി, ബി.കെ. സുബൈർ തങ്ങൾ, പി.എം. മുജീബ്, പി.എം. സെയ്തു മുഹമ്മദ്, പി.എ. അബ്ദുൽ ഹമീദ്, വി. ഉമ്മർ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് നിവേദനം നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..