ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി പാടം ഉഴുതുമറിക്കുന്നു
ആറാട്ടുപുഴ : പൂരത്തിന് പ്രതിസന്ധി ഉയർത്തിയിരുന്ന പൂരപ്പാടത്തെ വെള്ളക്കെട്ട് വറ്റിച്ചു. ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിലാണ് കനാലിലെ ചോർച്ച അടച്ചതും വെള്ളം വറ്റിക്കുകയും ചെയ്തത്. 500 മീറ്ററോളം നീളത്തിൽ കനാലിന്റെ ചോർച്ചയുള്ള ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തു. കൂടാതെ പാടത്തെ വെള്ളം വറ്റിക്കുന്നതിന് പാടത്തിനരികിലൂടെ വലിയ കാനയുണ്ടാക്കി. പിന്നീട് മോട്ടോർ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്ത് പാടം വറ്റിച്ചത്.
തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടത്തെ വെള്ളക്കെട്ട് സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. സർക്കാർ തലത്തിലുള്ള അപേക്ഷകൾ വിഫലമായപ്പോഴാണ് പൂരത്തിന്റെ ആതിഥേയർ തന്നെ പണികൾ നടത്തിയത്.
വേനൽ മഴ ശക്തമായാലും പൂരപ്പാടത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനാണ് ട്രാക്ടർ ഉപയോഗിച്ച് ഭൂമി ഉഴുതുമറിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ കൂട്ടിയെഴുന്നള്ളിപ്പും വിവിധ പൂരങ്ങളും നടക്കുന്ന ഭാഗത്തായിരുന്നു വെള്ളക്കെട്ടുണ്ടായത്.
പൂരം പ്രശ്നോത്തരി ഇന്ന്
ആറാട്ടുപുഴ : പൂരത്തിന്റെ ഭാഗമായുള്ള പ്രശ്നോത്തരി ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. തന്ത്രി കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർഥം ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയാണ് പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്.
എ.ആർ. രഞ്ജിത്ത് ക്വിസ് മാസ്റ്ററാകും, വിജയികൾക്ക് ശാസ്താവിന്റെ രൂപം ആലേഖനംചെയ്ത തങ്കപ്പതക്കവും പ്രശസ്തിപത്രവും ഉപഹാരവും 28-ന് വൈകീട്ട് ആറിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ സമ്മാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..