• ചെറുതുരുത്തി-പൊന്നാനി റോഡിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പള്ളത്ത് റോഡിന്റെ സംരക്ഷണഭിത്തിനിർമാണം പുനരാരംഭിച്ചപ്പോൾ
ചെറുതുരുത്തി : ചെറുതുരുത്തി-പൊന്നാനി റോഡ് രണ്ടാംഘട്ട നിർമാണം പുനരാരംഭിച്ചു. പൊതുമരാമത്തുവകുപ്പ് പുതിയ കരാറുകാരെ നിശ്ചയിച്ചാണ് അനിശ്ചിതത്വത്തിലായിരുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയത്. റോഡിന്റെ ഒന്നാംഘട്ടം ദേശമംഗലം ആറങ്ങോട്ടുകര മുതൽ ഒലിച്ചി വരെ 5.54 കോടി രൂപ ചെലവിൽ പൊതുമരാമത്തുവകുപ്പ് റോഡ് വീതികൂട്ടി ബി.എം. ബി.സി. നിലവാരത്തിലുള്ള ടാറിടൽ പൂർത്തിയാക്കിയിരുന്നു.
തുടർന്ന് രണ്ടാംഘട്ട നിർമാണത്തിനായി ഒലിച്ചി മുതൽ ചെറുതുരുത്തി ചുങ്കം വരെ 5.4 കിലോമീറ്റർ റോഡ് വീതികൂട്ടി ടാറിടാൻ 12.67 കോടി അനുവദിച്ചിരുന്നു. 2020-ൽ രണ്ടാംഘട്ട നിർമാണോദ്ഘാടനം നടന്നെങ്കിലും കരാറുകാരുടെ അനാസ്ഥയെത്തുടർന്ന് നിർമാണം നീണ്ടുപോയി. ഇതോടെ റോഡു തകർന്ന് പല ഘട്ടത്തിലും പരാതി രൂക്ഷമായി. മഴക്കാലത്ത് റോഡുകൾ തകർന്ന് യാത്രായോഗ്യമല്ലാതായി. റോഡു പണി വൈകുന്നതും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും സംബന്ധിച്ച് മാതൃഭൂമി നിരവധി തവണ വാർത്ത നൽകിയിരുന്നു.
താത്കാലിക കുഴിയടക്കൽ നടത്തിയാണ് ഈ ഭാഗത്ത് വാഹനങ്ങൾ ഇതുവരെ ഓടിയിരുന്നത്. പരാതികൾ രൂക്ഷമായതോടെ പൊതുമരാമത്തുവകുപ്പ് കരാർ റദ്ദാക്കി. ഇതേത്തുടർന്ന് ഇതു കോടതിയിലുമെത്തി. തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്ന് നിർമാണം പുനരാരംഭിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു വകുപ്പു പുതിയ ടെൻഡർ വിളിച്ച് പുതിയ കരാറുകാരെ നിശ്ചയിച്ചു. തുടർന്നാണ് നിർമാണം പുനരാരംഭിച്ചത്.
റോഡരിക് കരിങ്കൽഭിത്തി കെട്ടലാണ് ആരംഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..