• തൃക്കൂർ തുരുത്തിപ്പാടത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നു
തൃക്കൂർ : തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ തുടങ്ങി. തൃക്കൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് കൊതുക് ക്രമാതീതമായി പെരുകുന്നത് കണ്ടെത്തിയത്. വേനൽ ശക്തമാവുകയും പാടവും പുഴയും വരളുകയും കനാലിലും പാടത്തെ ചാലുകളിലും വെള്ളം കെട്ടിനൽക്കുകയും ചെയ്തതാണ് കൊതുക് വർധിക്കാൻ കാരണം.
കൊതുകുശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ തൃക്കൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ അനുപമാ വിജയന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ സ്ഥലം സന്ദർശിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള വെക്ടർ കൺട്രോൾ സംഘം സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുകയായിരുന്നു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, മെഡിക്കൽ ഓഫീസർ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആർ.ആർ.ടി. മാരുടെ യോഗം ചേർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരുടെ പ്രത്യേക നിരീക്ഷണത്തിലാക്കിയ പ്രദേശത്ത് കൊതുകിന്റെ ഉറവിടം കണ്ടെത്തി ഫോഗിങും സ്പ്രേയിങ്ങും നടത്തുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നും മറ്റത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്നും സ്പ്രേയിങ്ങിനുള്ള മരുന്നുകൾ എത്തിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..