Caption
തൃപ്രയാർ : രാമനാമം ഭക്തിസാന്ദ്രമാക്കിയ മുഹൂർത്തത്തിൽ തേവർ എഴുന്നള്ളി. ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് കത്തുന്ന വെയിൽ അവഗണിച്ചെത്തിയ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കർക്കടകം രാശിയിലായിരുന്നു പുറപ്പാട്. ക്ഷേത്രം ഊരായ്മക്കാരായ പുന്നപ്പുള്ളി, ജ്ഞാനപ്പള്ളി, ചേലൂർ മനകളിലെ നമ്പൂതിരിമാർ കുളിച്ചുവന്ന് ക്ഷേത്രം പ്രദക്ഷിണംചെയ്ത് അനുമതി നൽകിയതോടെ തൃക്കോൽശാന്തി രതീഷ് എമ്പ്രാന്തിരി തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. നാളിശ്ശേരി പട്ടത്ത് പദ്മിനി ബ്രാഹ്മണിയമ്മ ബ്രാഹ്മണിപ്പാട്ട് പാടി.
പറ സമർപ്പിച്ചശേഷം തേവരെ കിഴക്കേനടയിലേക്ക് എഴുന്നള്ളിച്ചു. ദേവസ്വം ആന ശിവകുമാർ തേവരുടെ തിടമ്പ് ഘടപ്പിച്ച സ്വർണക്കോലമേറ്റിയപ്പോൾ കതിന മുഴങ്ങി. മച്ചാട് ധർമൻ ഇടത്തും മച്ചാട് ഗോപാലൻ വലത്തും അകമ്പടിയായപ്പോൾ മംഗളവാദ്യത്തോടെ തേവർ എഴുന്നള്ളി. വാളും പരിചയുമേന്തിയ അകമ്പടിക്കാരും കുത്തുവിളക്കും തേവരെ അനുഗമിച്ചു. തുടർന്ന് പടിഞ്ഞാറേ നടപ്പുരയിൽ ഭക്തരുടെ പറ സ്വീകരിച്ചു.
തുടർന്ന് തേവർ മച്ചാട് ജയറാം, പുതുപ്പള്ളി അർജുനൻ എന്നീ ആനകളുടെകൂടി അകമ്പടിയോടെ ഗ്രാമപ്രദക്ഷിണത്തിലെ ആറാട്ടിന് സേതുകുളത്തിലേക്ക് യാത്രയായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ, അംഗങ്ങളായ പ്രേംരാജ് ചൂണ്ടലാത്ത്, എം.ബി. മുരളീധരൻ, ഡെപ്യൂട്ടി കമ്മിഷണർ പി. ബിന്ദു, അസി. കമ്മിഷണർ വി.എൻ. സ്വപ്ന, തൃപ്രയാർ ദേവസ്വം മാനേജർ വി.ആർ. രമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..