• അരൂർമുഴിയിൽ പെട്ടിക്കട പൊളിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത് സി.പി.എം. പ്രവർത്തകർ തടയുന്നു
അതിരപ്പിള്ളി : പഞ്ചായത്തിലെ അരൂർമുഴി സെന്ററിൽ ബസ് കാത്തിരിപ്പുകേന്ദ്രമുള്ളപ്പോൾ സമീപത്തുതന്നെ മറ്റൊരു ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത് വിവാദത്തിൽ. മലയോര ഹൈവേയുടെ ഭാഗമായി റൗണ്ട് എബൗട്ടും പുതിയ ബസ് കാത്തിരിപ്പുകേന്ദ്രവും വരുന്ന സാഹചര്യത്തിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം വേണ്ടെന്നുപറഞ്ഞ് വ്യാഴാഴ്ച സി.പി.എം. പ്രവർത്തകർ നിർമാണം തടഞ്ഞു.
ജെയിംസിന്റെ പെട്ടിക്കട നശിപ്പിച്ചാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്. ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ പ്രതിഫലമൊന്നും വാങ്ങാതെ മുങ്ങിയെടുത്തിരുന്ന മാളിയേക്കൽ ഔസേപ്പുണ്ണിയുടെ ഉപജീവനമാർഗമായിരുന്നു ഈ പെട്ടിക്കട. ജീവിക്കാൻ വേറെ വരുമാനമില്ലാത്ത ഔസേപ്പുണ്ണിക്ക് അന്നത്തെ കളക്ടർ ഇടപെട്ടാണ് പുറമ്പോക്കിൽ കട നടത്താൻ സൗകര്യം നൽകിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മകൻ ജെയിംസുമാണ് കട നടത്തിവന്നത്. മകന് അസുഖമായി ആശുപത്രിയിലായതിനാലും അമ്മയ്ക്ക് വീണ് പരിക്കേറ്റതിനാലും കുറച്ചുനാളായി കട തുറന്നിരുന്നില്ല. ഈ പെട്ടിക്കടയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിലേക്ക് തട്ടിമറിച്ചിട്ടത്.
നിലവിൽ മലയോര ഹൈവേയുടെ ഭാഗമായുള്ള പ്രധാന ജങ്ഷൻ വരുന്നത് അരൂർമുഴിയിലാണ്.
ഇതിൽത്തന്നെ ബസ് സ്റ്റോപ്പും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അതിനാൽ നേരത്തെ പഞ്ചായത്ത് ബസ് സ്റ്റോപ്പ് നിർമിക്കാൻ തീരുമാനിച്ചെങ്കിലും മാറ്റി താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുകയായിരുന്നു. ഒരു വളവും ഓട്ടോസ്റ്റാന്റും ഉള്ളഭാഗത്ത് പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത് അശാസ്ത്രീയമാണ്.
ഇതിനെതിരേ നാട്ടുകാരും ഔസേപ്പുണ്ണിയുടെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം തടസ്സപ്പെടുത്തിയതിൽ കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നേരത്തെ ഇവിടെയുണ്ടായിരുന്ന പഴയ ബസ് സ്റ്റോപ്പ് ആറുമാസം മുമ്പ് അപകടഭീഷണിയെത്തുടർന്ന് പൊളിച്ചുമാറ്റിയിരുന്നു. ഇപ്പോൾ താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രമാണുള്ളത്.
മലയോര ഹൈവേ ഇതിലൂടെ കടന്നുപോകുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ഈ സ്ഥലം നിർമാണത്തിനായി തിരഞ്ഞെടുത്തത്. സനീഷ് കുമാർ ജോസഫ് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ നടപടിക്കെതിരേ കോൺഗ്രസ് പ്രതിഷേധിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് വെണ്ണട്ടുപറമ്പിൽ, വൈസ് പ്രസിഡന്റ് ജോമോൻ കാവുങ്കൽ, മുരളി ചക്കന്തറ, ബേബി കെ. തോമസ്, ജോസ് പാറക്ക, ദിലിക് ദിവാകരൻ, പഞ്ചായത്ത് അംഗങ്ങളായ, കെ.എം. ജയചന്ദ്രൻ, മനു പോൾ, ഷാന്റി ജോസഫ്, ഐ.എൻ.ടി.യു.സി. പ്രസിഡന്റ് സി.ഒ. ബേബി, കർഷക കോൺഗ്രസ് പ്രസിഡന്റ് ബിജു പറമ്പി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..