• വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ
അതിരപ്പിള്ളി : വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലും എക്സ് സർവീസ്‌മെൻ സഹകരണ കോളനി വളപ്പിലും കാട്ടാനകളിറങ്ങി. രണ്ട് കൊമ്പന്മാരാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ ആരോഗ്യകേന്ദ്രത്തിലെത്തിയത്. കുറച്ചുസമയം പരിസരത്തുകൂടി നടന്ന് കുട്ടികളുടെ കളിയുപകരണങ്ങളിൽ തൊട്ടെങ്കിലും മാവിൽനിന്ന് വീണ മാങ്ങകൾ തിന്നതല്ലാതെ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ആളുകളെക്കണ്ട് ഇടയ്ക്കൊന്ന് ചിന്നം വിളിച്ചെങ്കിലും ആനകൾ ആരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് കടന്ന് പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിലേക്ക് കയറി. പിന്നീട് പുഴ കടന്ന് അപ്പുറത്തെ പ്ലാന്റേഷൻ ഭാഗത്തേക്ക് പോയി.
പുലർച്ചെ എക്സ്-സർവീസ് മെൻ കോളനിവളപ്പിൽ ഇറങ്ങിയ ആനകൾ മൂന്ന് കവുങ്ങുകൾ മറിച്ചിട്ടു. പ്ലാവിൽനിന്ന് ചക്കയിട്ടുതിന്നും മാവിൽനിന്ന് മാമ്പഴം തിന്നുമാണ് ആനകൾ അവിടെനിന്ന് ആരോഗ്യകേന്ദ്രത്തിലെത്തിയത്. സൗരോർജ്ജവേലി പൊളിച്ച് മൂന്നു ദിവസമായി കോളനിവളപ്പിൽ ആനകൾ ഇറങ്ങുന്നുണ്ട്. സംഘത്തിന്റെ ഭൂരിഭാഗം ടാപ്പിങ് തൊഴിലാളികളും സ്ത്രീകളാണ്. രാത്രിയിലും പുലർച്ചെയും ആനകൾ ഇറങ്ങുന്നതിനാൽ തൊഴിലാളികൾ ഭീതിയിലാണ്.
പുഴയോടുചേർന്ന് സൗരോർജവേലി ഇല്ലാത്തതിനാൽ ചാലക്കുടിപ്പുഴ കടന്നാണ് ആനകൾ വരുന്നത്. പുഴയിൽ വെള്ളം കുറവായതിനാൽ ആനകൾക്ക് എളുപ്പത്തിൽ പുഴ കടക്കാൻ സാധിക്കുന്നു. ആനകൾ പുഴ കടന്ന് ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങാതിരിക്കാൻ പുഴയരികിൽ സൗരോർജവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമായിട്ടില്ല. വേനൽ കടുത്തതോടെ മലയോരമേഖലയിൽ പല ഭാഗത്തും പതിവായി ആനകൾ ഇറങ്ങുന്നുണ്ട്. ഇവിടങ്ങളിൽ കുറച്ചുകാലത്തേക്കെങ്കിലും വാച്ചർമാരെ നിയോഗിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..