അതിരപ്പിള്ളി : അരിക്കൊമ്പൻ ആനയെ പറമ്പിക്കുളത്തെ മുതിരച്ചാലിൽ എത്തിക്കാനുള്ള നീക്കത്തിനെതിരേ അതിരപ്പിള്ളി പഞ്ചായത്തും. പറമ്പിക്കുളം വനമേഖലയും അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ വനമേഖലയും അതിർത്തി പങ്കിടുന്നുണ്ട്.
അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കുന്നത് പറമ്പിക്കുളം വനമേഖലയിൽനിന്നാണ്.
പറമ്പിക്കുളം മേഖലയിൽനിന്ന് ആന അതിരപ്പിള്ളി പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങാൻ സാധ്യത ഏറെയാണ്. അതിനാൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും ഭാവികാര്യങ്ങൾ ചർച്ചചെയ്യാനും അതിരപ്പിള്ളി പഞ്ചായത്ത് തിങ്കളാഴ്‌ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആതിര ദേവരാജൻ അറിയിച്ചു. 11-ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളോടും വിവിധ സംഘടനാഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അരിക്കൊമ്പനെ കൊണ്ടു വന്നാൽ തടയും-എം.എൽ.എ.
ചാലക്കുടി : അരിക്കൊമ്പനെ പറമ്പിക്കുളം മുതിരച്ചാലിൽ തുറന്നുവിടാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു. മുതിരച്ചാലിൽനിന്ന് ചാലക്കുടി നിയോജമണ്ഡലത്തിലെ പെരിങ്ങൽക്കുത്ത് ആദിവാസി കേന്ദ്രത്തിലേക്ക് 10 കിലോമീറ്റർ മാത്രമാണുള്ളത്.
അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ, ഷോളയാർ, പുളിയിലപ്പാറ, പൊകലപ്പാറ എന്നിവിടങ്ങളിലേക്കും മറ്റു ജനവാസ കേന്ദ്രങ്ങളിലേക്കും കാട്ടാന കടന്നുവരാനുള്ള സാധ്യത ഏറെയാണ്.
കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വനംവകുപ്പ് ഉത്തരവ് സമ്പാദിച്ചിട്ടുള്ളത്. ചാലക്കുടി മേഖലയിലെ വനപാലകരിൽ നിന്ന് ബന്ധപ്പെട്ടവർ വിദഗ്‌ധോപദേശം വാങ്ങിച്ചിട്ടില്ല. വിഷയം ചർച്ചചെയ്യാൻ ഉടൻ സർവകക്ഷിയോഗം വിളിക്കുമെന്നും എം.എൽ.എ. പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..