Caption
അതിരപ്പിള്ളി : അരിക്കൊമ്പനെ വാഴച്ചാൽ വനമേഖലയിലെ കാനനപാതയിലൂടെ പറമ്പിക്കുളം വനമേഖലയിലെ മുതിരച്ചാലിൽ എത്തിക്കാൻ നീക്കം. വാഴച്ചാലിൽനിന്ന് കാരാംതോട് വഴി പോകുന്ന പാതയിലൂടെയാണ് ആനയെ പറമ്പിക്കുളത്തെത്തിക്കാൻ ലക്ഷ്യമിടുന്നത്. പറമ്പിക്കുളം മേഖലയിലെ വലിയ പ്രതിഷേധത്തെത്തുടർന്നാണ് വനംവകുപ്പ് വാഴച്ചാൽ വഴി ആനയെ എത്തിക്കാൻ ശ്രമിക്കുന്നത്. ഇതറിഞ്ഞ നാട്ടുകാരും ആദിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.
കാടിനകത്തെ റോഡ് സഞ്ചാരയോഗ്യമാക്കാൻ മണ്ണുമാന്തിയന്ത്രവും വാഹനങ്ങളും ഞായറാഴ്‌ച രാവിലെ വാഴച്ചാലിൽ എത്തിച്ചെങ്കിലും വനംവകുപ്പ് ചെക്‌പോസ്റ്റിൽ ആദിവാസികളും നാട്ടുകാരും വാഹനങ്ങൾ തടഞ്ഞു. ആനമല റോഡ് ഉപരോധിച്ചു. അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് അംഗവുമായ കെ.കെ. റിജേഷ്, ഡി.വൈ.എഫ്.ഐ. അതിരപ്പിള്ളി മേഖലാ പ്രസിഡന്റ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
വിനോദസഞ്ചാരികളുടേതടക്കം ഒരു വാഹനവും കടത്തിവിട്ടില്ല. പിന്നീട് സമരക്കാരും പോലീസും വനപാലകരും നടത്തിയ ചർച്ചയിൽ റോഡ് നന്നാക്കാനെത്തിച്ച വാഹനങ്ങൾ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. രാവിലെ ഒമ്പതോടെ ആരംഭിച്ച ഉപരോധം പത്തോടെ അവസാനിപ്പിച്ചു.
പറമ്പിക്കുളവുമായി അതിർത്തി പങ്കിടുന്ന വനം ഡിവിഷനാണ് വാഴച്ചാൽ. വാഴച്ചാലിൽനിന്ന് പറമ്പിക്കുളത്തേക്ക് ആദിവാസികളുടെ നടവഴിയും ജീപ്പ് പോകുന്ന വഴിയുമുണ്ട്. എന്നാൽ, നിലവിലുള്ള വഴിയിലൂടെ ആനയെ കയറ്റിയ ലോറിക്ക് പോകാനാകാത്തതിനാലാണ് വഴി ശരിയാക്കാൻ വാഹനങ്ങൾ എത്തിച്ചത്.
മുതിരച്ചാലിൽനിന്ന് പെരിങ്ങൽക്കുത്തിലേക്ക് പത്ത് കിലോമീറ്റർ മാത്രം
:അരിക്കൊമ്പനെ പിടികൂടി തുറന്നുവിടാൻ ഉദ്ദേശിക്കുന്ന മുതിരച്ചാലിൽനിന്ന് ചാലക്കുടി നിയോജകമണ്ഡലത്തിലെ പെരിങ്ങൽക്കുത്ത് ആദിവാസി കോളനിയിലേക്ക് 10 കിലോമീറ്റർ മാത്രമാണുള്ളത്. അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കോളനികളായ ഷോളയാർ, പുളിയിലപ്പാറ, പൊകലപ്പാറ എന്നിവിടങ്ങളിലേക്കും മറ്റ് ജനവാസമേഖലകളിലേക്കും ആന വരാനുള്ള സാധ്യതയും ഏറെയാണ്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
ഈ വിഷയത്തെപ്പറ്റി കൂടുതൽ ചർച്ചചെയ്യുന്നതിനും കോടതിയിലെ കേസിൽ കക്ഷിചേരണമോ എന്നതടക്കമുള്ളവ തീരുമാനിക്കാനും അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ 11-ന് അതിരപ്പിള്ളി പഞ്ചായത്ത് ഹാളിലാണ് യോഗം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..