അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരേ അരൂർമുഴി സെന്ററിൽ നടന്ന പ്രതിഷേധസംഗമം ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്യുന്നു
അതിരപ്പിള്ളി : അരിക്കൊമ്പൻ ആനയെ വാഴച്ചാൽ വഴി പറമ്പിക്കുളം വനമേഖലയിലെ മുതിരച്ചാൽ പ്രദേശത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുമെന്ന് അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ആനയെ പറമ്പിക്കുളം മേഖലയിൽ തുറന്നുവിടുന്നതിനെതിരേ മുതലമട പഞ്ചായത്ത് കോടതിയിൽ നൽകുന്ന കേസിൽ കക്ഷി ചേരണമോ അതോ വേറെ കേസ് നൽകണമോ എന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും. ആന എത്താൻ സാധ്യതയുള്ള അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളും ആദിവാസികളും ചേർന്ന് വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ആദ്യഘട്ട പ്രതിഷേധം എന്ന നിലയിൽ അരൂർമുഴി സെന്ററിൽ സർവകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സംഘടനാപ്രതിനിധികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ്് സൗമിനി മണിലാൽ, പഞ്ചായത്തംഗങ്ങളായ കെ.കെ. റിജേഷ്, സി.സി. കൃഷ്ണൻ, കെ.എം. ജയചന്ദ്രൻ, സനീഷ ഷെമി, മനുപോൾ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എസ്. സതീഷ് കുമാർ, കെ.കെ. ശ്യാമളൻ, ജോമോൻ കാവുങ്കൽ, ഉണ്ണി കെ. പാർഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
അതിരപ്പിള്ളിയിൽ പ്രതിഷേധസംഗമം
വെറ്റിലപ്പാറ : അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരേ അരൂർമുഴി സെന്ററിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എന്ത് വിലകൊടുത്തും ആനയെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കുന്നത് തടയുമെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഷേധസംഗമം ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ ബെന്നി, ദിലിക് ദിവാകരൻ, കെ.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..