അതിരപ്പിള്ളി : വനാതിർത്തിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും നടത്തിയ വനസൗഹൃദ സദസ്സ് പ്രഹസനമായതായി കർഷകസംഘടനയായ കിഫ (കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റി ആരോപിച്ചു. പരിപാടിയിൽ മലയോരകർഷകരുടെ വാക്കുകളും പരാതികളും കേൾക്കാതെ നിവേദനം വാങ്ങുന്നതിൽ മാത്രം ഒതുക്കി. വന്യജീവി ആക്രമണം കൊണ്ട് പൊറുതിമുട്ടിയ കർഷകനോ നാട്ടുകാർക്കോ അഭിപ്രായം പറയാൻ വനംവകുപ്പ് അവസരം നൽകിയില്ല.
വന്യമൃഗാക്രമണത്തിൽ നഷ്ടപരിഹാരം നൽകിയത് വരെ ആഘോഷമാക്കി. വന്യജീവി ആക്രമണം പതിവായ മേഖലയിൽ ഇതു സംബന്ധിച്ച് ജനങ്ങളുമായി ചർച്ചകൾ നടത്തുകയോ പരിഹാര മാർഗങ്ങൾ നിർദേശിക്കുകയോ ഉണ്ടായില്ല. പഴയ പല്ലവികൾ പുതിയ വേദിയിൽ വീണ്ടും ആവർത്തിച്ചതല്ലാതെ മലയോരജനതയ്ക്ക് ഗുണകരമായ ഒന്നും സംഭവിച്ചില്ല.
വന്യജീവി ആക്രമണത്തിൽ നിരവധി മനുഷ്യർ മരിച്ചിട്ടും അനവധി മനുഷ്യർ പരിക്കേറ്റ് രോഗികളായിട്ടും ഏക്കർ കണക്കിന് കൃഷി നശിപ്പിച്ച് ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കിയിട്ടും കൃത്യമായ പരിഹാരം നിർദേശിക്കാൻ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ സാധിച്ചില്ല.
വന്യജീവി ആക്രമണം തടയുന്നതിന് ഇത്തരം പ്രഹസനങ്ങൾ അല്ല ശാശ്വതപരിഹാരമാണ് വേണ്ടതെന്ന് കിഫ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി, സെക്രട്ടറി രാംകുമാർ എളനാട് എന്നിവർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..