പുഴയിലേയ്ക്കിറങ്ങുന്ന ഭാഗത്ത് വീണുകിടന്നിരുന്ന മുന്നറിയിപ്പ്ബോർഡ് നേരെയാക്കിവെയ്ക്കുന്ന പോലീസുകാർ
അതിരപ്പിള്ളി : ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ട് വിദ്യാർഥികൾ മരിച്ചിടത്ത് വീണ്ടും കുളിക്കാനിറങ്ങി വിനോദസഞ്ചാരികൾ. തിങ്കളാഴ്ച വൈകീട്ടാണ് സഞ്ചാരികൾ കുളിക്കാനിറങ്ങിയത്. അപകടസാധ്യതയുള്ള ഈ പ്രദേശത്തുനിന്ന് മാറിപ്പോകാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും സഞ്ചാരികൾ തയ്യാറായില്ല. നാട്ടുകാരോട് ഇവർ തട്ടിക്കയറി.
പിന്നീട് അതിരപ്പിള്ളി സ്റ്റേഷനിലെ പോലീസുകാരെത്തിയാണ് ഇവരെ പുഴയിൽനിന്ന് കയറ്റിവിട്ടത്. പുഴയിലേക്കിറങ്ങുന്ന വഴിയിൽ നേരത്തെ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡ് വീണു കിടക്കുകയായിരുന്നു. അതെടുത്ത് നേരയാക്കി വച്ച ശേഷമാണ് പോലീസ്‌സംഘം മടങ്ങിയത്. പുഴയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാൻ വനസംരക്ഷണസമിതി പ്രവർത്തകരെ നിയമിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും വനംവകുപ്പ് തയ്യാറായിട്ടില്ല.
രണ്ടാമത്തെ വിദ്യാർഥിയുടെമൃതദേഹം കണ്ടെടുത്തു
: ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ പാലത്തിന് സമീപം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടേയും മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി തേങ്ങാക്കൂട്ടിൽ പരേതനായ ഷെമീറിന്റേയും സബീനയുടേയും മകൻ ഇഹ്‌സാൻ അലിയുടെ (16) മൃതദേഹമാണ് പുഴയിലെ കയത്തിൽനിന്ന് മുങ്ങിയെടുത്തത്. അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ 11-ഓടെ മൃതദേഹം കണ്ടെത്തിയത്.
അഴീക്കോട് ലൈറ്റ് ഹൗസിനു സമീപം കല്ലുങ്കൽ ഷക്കീറിന്റെ മകൻ ആദിൽ ഷായുടെ (16) മൃതദേഹം രക്ഷാപ്രവർത്തകർ ഞായറാഴ്ച കണ്ടെടുത്തിരുന്നു. ആദിൽ ഷായുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് കുറച്ച് മാറി ആഴത്തിലുള്ള കയത്തിൽനിന്നാണ് ഇഹ്‌സാൻ അലിയുടേത് ലഭിച്ചത്. ഇരുവരും അഴീക്കോട് സീതിസാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ്. അയിഷ ഫെഷ്‌മിയാണ് ഇഹ്സാൻ അലിയുടെ സഹോദരി.
ഞായറാഴ്ചത്തെ മാത്രം വരുമാനം നാലുലക്ഷം
അതിരപ്പിള്ളി : അവധിക്കാലമായതോടെ അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. തുമ്പൂർമുഴി ചിത്രശലഭപാർക്ക്, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, മലക്കപ്പാറ എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതൽ. ഞായറാഴ്ച അതിരപ്പിള്ളിയിൽ മാത്രം നാലുലക്ഷത്തിലേറെ രൂപയാണ് പ്രവേശന ഫീസിനത്തിൽ വരുമാനം.
തുമ്പൂർമുഴി ചിത്രശലഭപാർക്ക് 3000- ലേറെ പേർ സന്ദർശിച്ചു. 56,000 രൂപയാണ് വരുമാനം. വാഴച്ചാൽ വെള്ളച്ചാട്ടം കാണാനും നിരവധി പേരെത്തി, അരലക്ഷത്തിലേറെ രൂപയാണ് വരുമാനം.
ആനമലറോഡിൽ പലഭാഗത്തും ചെറിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..