Caption
അതിരപ്പിള്ളി : മഴയിലും കാറ്റിലും കൊന്നക്കുഴി ഏഴാറ്റുമുഖം ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. കൊന്നക്കുഴിയിൽ മൂന്നിടത്തും ഏഴാറ്റുമുഖം മേഖലയിൽ ഒരിടത്തും മരങ്ങൾവീണ് ഗതാഗതം മുടങ്ങി. കൊന്നക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചക്രവാണി, തുമ്പൂർമുഴി ഫാമിന് സമീപം ചാട്ടുകല്ലുംതറ കപ്പേള എന്നിവിടങ്ങളിലും ഏഴാറ്റുമുഖം പ്ലാന്റേഷൻ ചെക്‌പോസ്റ്റിന് സമീപവുമാണ് മരങ്ങൾ വീണത്.
ചാലക്കുടിയിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കൊന്നക്കുഴി ക്ഷേത്രത്തിന് മുൻപിലെ ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണത് മുറിച്ചുനീക്കിയത്. ബാക്കിയുള്ള ഭാഗങ്ങളിൽ നാട്ടുകാരും ബസ് യാത്രക്കാരും വൈദ്യുതിവകുപ്പ് ജീവനക്കാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മരങ്ങൾവീണ് പലസ്ഥലത്തും വൈദ്യുതിക്കമ്പികൾ പൊട്ടിയതിനാൽ മേഖലയിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കൊന്നക്കുഴിയിൽ കാറ്റിൽ വാഴ, കവുങ്ങ്, ജാതി തുടങ്ങിയ കാർഷികവിളകളും നശിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ തുടങ്ങിയ മഴയുംകാറ്റും പലഭാഗത്തും ആറര വരെ നീണ്ടു.
പരിയാരം : അതിരപ്പിള്ളി സംസ്ഥാനപാതയിൽ കൊന്നക്കുഴി അമ്പലത്തിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിലേക്ക് വീണതിനാൽ വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. വിനോദസഞ്ചാരികൾ ഏറെ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയശേഷം ഗതാഗതം പുനരാരംഭിച്ചു.
കൊന്നക്കുഴി എരുവീട്ടിൽ സത്യന്റെ വീടിനു മീതെ തെങ്ങ് വീണ് വീടിന് കേടുപാടുണ്ടായി.
കൊന്നക്കുഴിയിൽ ചെങ്ങാത്ത് കുറുമ്പന്റെ വീടിന്റെ ഷീറ്റ് കാറ്റിൽ പറന്നുപോയി. കുറ്റിക്കാട് മേലേപുറം ജോസിന്റെ ഓടിട്ട വീടിനും സാരമായ നാശനഷ്ടമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..