• വെറ്റിലപ്പാറ പാലത്തിന് സമീപത്തെ മാലിന്യം
അതിരപ്പിള്ളി : അവധിക്കാലത്ത് വിനോദസഞ്ചാരമേഖലയിൽ സഞ്ചാരികൾ കൂടിയതോടെ മാലിന്യവും കുന്നുകൂടുന്നു. എന്നാൽ വനത്തിലും റോഡരികിലും പുഴയോരത്തും കുന്നുകൂടിയ മാലിന്യം നീക്കാൻ വനപാലകരോ പഞ്ചായത്തോ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. അതിരപ്പിള്ളി മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികൾ ഭൂരിഭാഗവും ഭക്ഷണംകൊണ്ടാണ് വരുന്നത്.
ഇവർ ആനമല റോഡരികിലും പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടം, പുഴയോരം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചശേഷം പാത്രങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അവിടെത്തന്നെ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
ചക്രവാണി ഭാഗത്ത് റോഡരികിലും തുമ്പൂർമുഴി ഭാഗത്ത് വനത്തിനുള്ളിലും ചിക്ലായി, വെറ്റിലപ്പാറ പാലം, സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ പുഴയോരത്തും പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുണ്ട്. സഞ്ചാരികളെക്കൂടാതെ ചില കച്ചവടക്കാരും വീട്ടുകാരും പ്ലാസ്റ്റിക്കും ചില്ലും മറ്റ് മാലിന്യങ്ങളും പലയിടത്തും തള്ളുന്നുണ്ട്. മറ്റിടങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ വേനൽമഴയിൽ ഒഴുകി പുഴയിലെത്തുന്നതിനാൽ പുഴയിലും മാലിന്യങ്ങൾ നിറഞ്ഞുതുടങ്ങി. മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാൻ വനസംരക്ഷണസമിതി പ്രവർത്തകരെ നിയമിക്കാറുണ്ടെങ്കിലും കുറച്ചുനാളുകളായി ആരെയും നിയോഗിച്ചിട്ടില്ല. വിനോദസഞ്ചാരികൾ ഭക്ഷണം കഴിക്കാനായി പതിവായി വാഹനങ്ങൾ നിർത്തുന്ന ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളിടാൻ നേരത്തെ സ്ഥാപിച്ച പെട്ടികൾ ഭൂരിഭാഗവും തകർന്നുകിടക്കുകയാണ്.
വനത്തിന്റെയും പുഴയുടെയും സംരക്ഷണത്തിനായുള്ള വനം -പുഴ സംരക്ഷണ ഫണ്ടിൽ കോടിക്കണക്കിന് രൂപയുണ്ടെങ്കിലും അത് വേണ്ടവിധം ചെലവഴിക്കാൻ വനംവകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. അരൂർമുഴി കമ്യൂണിറ്റി ഹാൾ പരിസരത്ത് വിനോദസഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും അതേപ്പറ്റി അറിവില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..