നിർധന വിദ്യാർഥികൾക്ക് കംപ്യൂട്ടർപദ്ധതി: വിതരണം ചെയ്യുന്നില്ലെന്ന് പരാതി


1 min read
Read later
Print
Share

•  മുരിയാട് പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ലാപ്‌ടോപ്പുകൾ

മുരിയാട്: പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർഥികൾക്കും പട്ടികജാതി കുടുംബങ്ങളിലെ പ്രൊഫഷണൽ വിദ്യാർഥികൾക്കും നൽകാനായി വാങ്ങിയ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നില്ലെന്ന് പരാതി. ഒരു മാസത്തിലധികമായി പഞ്ചായത്ത് ഹാളിൽ അവ കെട്ടിക്കിടക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എട്ട് ലക്ഷം രൂപ ചെലവഴിച്ച് 30 വിദ്യാർഥികൾക്കായി കംപ്യൂട്ടറുകൾ വാങ്ങിയത്.

മാർച്ച് 30-ന് വിതരണോദ്ഘാടനം നിർവഹിച്ചതാണ്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കംപ്യൂട്ടറുകൾ മുഴുവൻ വിതരണം ചെയ്തുവെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. രണ്ടു മാസത്തോളമായി കൂട്ടിവെച്ചിരിക്കുന്നതിനാൽ എത്ര എണ്ണം ഉപയോഗിക്കാൻ സാധിക്കുമെന്നും ആശങ്കയുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു. ഉദ്ഘാടനമാമാങ്കം നടത്താൻ മാത്രമാണ് അധികൃതർക്ക് താൽപര്യമെന്നും തുടർപ്രവർത്തനങ്ങളിൽ യാതൊരു തരത്തിലുമുള്ള ശ്രദ്ധയുമില്ലെന്നും പഞ്ചായത്തംഗം തോമസ് തൊകലത്ത് പറഞ്ഞു.

എന്നാൽ 6.81 ലക്ഷം രൂപ ചെലവഴിച്ച് 19 ലാപ്ടോപ്പുകളാണ് വാങ്ങിയിരുന്നതെന്നും അതിൽ രേഖകളെല്ലാം ഹാജരാക്കിയ 11 ഗുണഭോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പറഞ്ഞു. ബാക്കിയുള്ള എട്ട് ലാപ്ടോപ്പുകൾ സുരക്ഷിതമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് നൽകും. ഇതെല്ലാം മറിച്ചുവെച്ചുള്ള പ്രചാരണങ്ങളെല്ലാം വികസനത്തിന്റെ ശോഭ കെടുത്താനും തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമമാണെന്നും പ്രസിഡന്റ് പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..