തിരിഞ്ഞുനോക്കാൻ ആരുമില്ല : ഉരുക്കുതടയണതകർച്ചയിൽ


1 min read
Read later
Print
Share

Caption

ചെറുതുരുത്തി : ഒരു ദുരന്തത്തിന്റെ ബാക്കിപത്രംപോലെ ഭാരതപ്പുഴയിൽ സംസ്ഥാനത്തെ ആദ്യത്തെ ഉരുക്കുതടയണ അവശേഷിക്കുന്നുണ്ട്. അടുക്കിവെച്ച കല്ലുകളും സംരക്ഷണകവചങ്ങളും മുഴുവൻ ചിതറിത്തെറിച്ചുകിടക്കുന്ന പുഴയിലെ കാടുപിടിച്ച ഒരു ഭാഗം. അതിൽ മുക്കാൽ ഭാഗത്തോളം തകരാത്ത ഉരുക്കുപാളികൊണ്ടുള്ള തടയണ. ഏറെ കെട്ടിഗ്ഘോഷിക്കപ്പെട്ടുവന്ന ഉരുക്കുതടയണ പദ്ധതിക്ക് പക്ഷേ, കേരളത്തിലെ പ്രളയത്തിനെ താങ്ങാനായില്ല.

പാലക്കാട് - തൃശ്ശൂർ ജില്ല അതിർത്തികളായ പൈങ്കുളം-വാഴാലിപ്പാടത്തെയും വാണിയംകുളം-മാന്നന്നൂരിനെയും ബന്ധിപ്പിക്കുന്ന സ്റ്റീൽ തടയണ 2015-ലാണ് നിർമിച്ചത്. തടയണ ശക്തമായിരുന്നെങ്കിലും ഉരുക്കുതടയണയുടെ ഒരു വശം മാന്നന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ പാടശേഖരങ്ങളാണ്. ഈ ഭാഗത്ത് െചളി കലർന്ന ഭാഗങ്ങളായതിനാൽ സമ്മർദം വന്നാൽ ദുർബലമായ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് നിർമാണഘട്ടത്തിൽത്തന്നെ പ്രദേശവാസികൾ മുന്നറിയിപ്പ് കൊടുത്തിരുന്നു.

പുഴയുടെ വീതികുറഞ്ഞ ഈ ഭാഗത്ത് അമിത ആത്മവിശ്വാസത്തിൽ ഉരുക്കുതടയണ നിർമാണം പൂർത്തിയാക്കി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് അഞ്ച് കോടി രൂപ ചെലവിൽ ഉരുക്കുതടയണ നിർമിച്ചത്. യൂറോപ്പിൽനിന്നാണ് ഇതിനാവശ്യമായ ഉരുക്ക് സാമഗ്രികൾ എത്തിച്ചത്. തടയണ വന്നതോടെ കിലോമീറ്ററോളം ദൂരത്തിൽ വെള്ളംകെട്ടിനിന്നു. കൃഷിക്കും കുടിവെള്ളത്തിനും ഇത് ഏറെ സഹായകരമായി.

മഴക്കാലത്ത് വെള്ളം കുത്തി ഒഴുകിയതോടെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയപോലെ ദുർബലപ്പെട്ട ഭാഗത്ത് മണ്ണിടിഞ്ഞുതുടങ്ങി. 2018-ലെ പ്രളയത്തിൽ ഈ ഭാഗത്ത് ഇരുപതുമീറ്ററോളം ദൂരത്തിൽ മണ്ണിടിഞ്ഞു പൂർണമായും ഒലിച്ചുപോയി. പുഴ അതോടെ ഗതിമാറി ഒഴുകി. ഉരുക്കുപാളികളെ വെള്ളത്തിന്റെ ശക്തിയിൽ ഒരു ഭാഗത്ത് ചുരുട്ടിമടക്കി. പലരുടെയും പാടശേഖരങ്ങൾ ഒലിച്ചുപോയി. തടയണ നന്നാക്കണമെന്ന ജനകീയ ആവശ്യത്തെത്തുടർന്ന് മന്ത്രിതലത്തിൽ വരെ സന്ദർശനം ഉണ്ടായെങ്കിലും നന്നാക്കാൻ നടപടിയുണ്ടായില്ല. മണ്ണിടിഞ്ഞ് പുഴ ഗതിമാറി ഒഴുകിയ ഭാഗം കോൺക്രീറ്റ് ബീമുകൾ നിർമിച്ച് ഉരുക്കുതടയണ സംരക്ഷിക്കണമെന്നുമുള്ള പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഉരുക്കുതടയണ നന്നാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..