• ഇലയിലും സ്റ്റീൽ പ്ലേറ്റിലും ഭക്ഷണം കഴിച്ച കുടുംബങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ ഉപഹാരങ്ങൾ സമ്മാനിക്കുന്നു
അതിരപ്പിള്ളി : വിനോദസഞ്ചാരമേഖലയിൽ റോഡരികിലും വനമേഖലയിലും വിനോദസഞ്ചാരികൾ മാലിന്യം തള്ളുന്നത് വ്യാപകമായതോടെ കർശനനടപടികളുമായി അതിരപ്പിള്ളി പഞ്ചായത്ത്. തുമ്പൂർമുഴി മുതൽ അതിരപ്പിള്ളി വരെ റോഡരികിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ വിവിധ ഇടങ്ങളിൽ നിന്നായി 18,200 രൂപ പിഴ ഈടാക്കി.
എന്നാൽ പ്രകൃതിസൗഹൃദപരമായി ഇലയിലും സ്റ്റീൽ പ്ലേറ്റിലും ഭക്ഷണം കഴിച്ച കുടുംബങ്ങൾക്ക് സമ്മാനങ്ങൾ നൽകാനും അധികൃതർ തയ്യാറായി. പരിശോധനാസമയത്ത് ഇലയിലും സ്റ്റീൽ പ്ലേറ്റിലും ഭക്ഷണം കഴിക്കുകയായിരുന്ന പെരുമ്പാവൂർ സ്വദേശി ഹാഷിം, കൊടുങ്ങല്ലൂർ സ്വദേശി ഷമിൽകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് പഞ്ചായത്ത് പ്രസിഡന്റ്് പ്രത്യേകം സമ്മാനങ്ങൾ നൽകിയത്.
നിരോധിച്ച പ്ലാസ്റ്റിക് സാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകളിൽ നിന്നും വഴിയോരങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് സാധനങ്ങളിൽ ഭക്ഷണം കഴിച്ചശേഷം ഉപേക്ഷിച്ചവരിൽ നിന്നുമാണ് പിഴ ഈടാക്കിയത്. പഞ്ചായത്ത്, ആരോഗ്യം, പോലീസ് വകുപ്പുകൾ ചേർന്നായിരുന്നു പരിശോധന നടത്തിയത്. അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രത്തിൽ ശൗചാലയത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നു എന്ന പരാതിയിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
വിനോദസഞ്ചാരികൾ കൈ കഴുകുന്ന വെള്ളമാണ് പുറത്തേ ക്ക് ഒഴുകുന്നത്. ഈ വെള്ളം പുറത്തേക്ക് ഒഴുക്കാതെ സംസ്‌കരിക്കാൻ നിർദേശം നൽകി. ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച ജോലികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സെക്രട്ടറി പി.ജി. പ്രദീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് ഗോപിനാഥ്, പഞ്ചായത്ത് ക്ലാർക്ക് കെ.ആർ. അനന്തകൃഷ്ണൻ, എം.എൻ. അനൂപ്, സിവിൽ പോലീസ് ഓഫീസർ രഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
മേഖലയിൽ മാലിന്യം തള്ളുന്നതിനെതിരേ ഇനിയും പരിശോധന ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവരിൽനിന്ന് പിഴ ഈടാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..