അതിരപ്പിള്ളി : വിനോദസഞ്ചാരികൾ വനത്തിലും വഴിയോരത്തും പുഴയോരത്തും എണ്ണപ്പനത്തോട്ടത്തിലും ഉപേക്ഷിക്കുന്ന മാലിന്യങ്ങൾകൊണ്ട് പൊറുതിമുട്ടിയ അതിരപ്പിള്ളി മാലിന്യമുക്ത പഞ്ചായത്താകാൻ ഒരുങ്ങുന്നു. പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനുള്ളിൽ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്താകുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മലക്കപ്പാറ ടാറ്റാ കമ്പനിക്കും പ്ലാന്റേഷൻ കോർപറേഷനും വനംവകുപ്പിനും നോട്ടീസ് നൽകി. മേയ് 25-നുള്ളിൽ തങ്ങളുടെ കീഴിലുള്ള സ്ഥലത്തെ മാലിന്യം നീക്കാനും മാലിന്യമിടാതിരിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകി.
പ്ലാന്റേഷൻ കോർപറേഷൻ തോട്ടത്തിനകത്ത് വിനോദസഞ്ചാരികൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ നാട്ടുകാർ പതിവായി ഉപയോഗിക്കുന്ന വഴികളൊഴികെ പ്ലാന്റേഷനിലേക്കുള്ള മറ്റ് വഴികൾ അടയ്ക്കാനും തൊഴിലാളികളുടെ ലയങ്ങളിൽനിന്ന് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യങ്ങൾ ഹരിത കർമസേനയുമായി ബന്ധപ്പെട്ട് സംസ്‌കരിക്കും. അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രത്തിലെ ശൗചാലയത്തിൽനിന്ന് ഒഴുകുന്ന മലിനജലം പുഴയിലേക്കെത്തുന്നത് തടയാനുള്ള നടപടികളെടുക്കാൻ വനംവകുപ്പിന് നിർദേശം നൽകി. മാലിന്യം നീക്കിയില്ലെങ്കിൽ 2000 രൂപ മുതൽ പിഴയോ മറ്റ് നിയമനടപടികളോ സ്വീകരിക്കും. വിനോദസഞ്ചാരികൾ കൂടുതലെത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ, മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴയടപ്പിക്കാനുള്ള പരിശോധനാസംഘങ്ങൾ പട്രോളിങ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ആതിരാ ദേവരാജന്റെ അധ്യക്ഷതയിലാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും യോഗം ചേർന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..