• അപകടഭീഷണിയായ മുളങ്കൂട്ടം അഗ്നി രക്ഷാസേന മുറിച്ചുനീക്കുന്നു
അതിരപ്പിള്ളി : ആനമല റോഡിൽ റോഡിലേക്ക് തള്ളിനിന്ന മുളങ്കൂട്ടം ചാലക്കുടിയിൽനിന്നുള്ള അഗ്നി രക്ഷാസേനയെത്തി വെട്ടിമാറ്റി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിലാണ് മുളകൾ റോഡിലേക്ക് ചാഞ്ഞത്. തള്ളിനിൽക്കുന്ന മുളകൾ വാഹനങ്ങളുടെ ചില്ലിലും വശങ്ങളിലും തട്ടുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായിരുന്നു. അടുത്തെത്തുമ്പോൾ മാത്രം ശ്രദ്ധയിൽപ്പെടുന്ന മുളകളിൽ വാഹനം ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോഴും അപകടസാധ്യതയുണ്ടായിരുന്നു. എന്നിട്ടും മുളകൾ വെട്ടിമാറ്റാൻ വനപാലകർ തയ്യാറാകാത്തതുകൊണ്ട് ശനിയാഴ്ച രാവിലെ റോഡിലേക്ക് തള്ളിനിൽക്കുന്ന മുളയിൽ നാട്ടുകാർ ചാക്കുകൊണ്ടുവന്ന് കെട്ടിയിരുന്നു.
മുള തള്ളിനിൽക്കുന്ന വിവരം ചാലക്കുടിയിലെ അഗ്നി രക്ഷാസേനയെ അറിയിച്ചതിനെത്തുടർന്ന് സേനാംഗങ്ങളെത്തി ശനിയാഴ്ച വൈകീട്ടോടെ അപകടഭീഷണിയായ മുളകൾ മുറിച്ചുനീക്കി. ഇനിയും നിരവധിയിടങ്ങളിൽ മുളകൾ റോഡിലേക്ക് വീഴാറായി നിൽക്കുന്നുണ്ട്.
തുമ്പൂർമുഴി മേഖലയിലെ ഭീഷണിയായ മുളങ്കൂട്ടം വെട്ടിമാറ്റുന്നതിന് വനംവകുപ്പ് കരാർ നൽകിയിട്ടുണ്ട്. അപകടഭീഷണിയായ 20 മെട്രിക് ടൺ മുള മുറിച്ചുനീക്കുന്നതിനാണ് കരാർ നൽകിയിരുന്നത്. എന്നാൽ ഭീഷണി കുറഞ്ഞ ഭാഗത്തെ മുളകൾ മുറിച്ച കരാറുകാരൻ അപകടഭീഷണിയുള്ള ഭാഗത്തെ മുളകൾ മുറിച്ചില്ലെന്ന് പരാതിയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..