അതിരപ്പിള്ളി : ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രത്തിൽ ശൗചാലയങ്ങൾ അടച്ചതിനെത്തുടർന്ന് സഞ്ചാരികൾ വലഞ്ഞതായി പരാതി. വിനോദസഞ്ചാരികൾക്കായി നിർമിച്ചിരിക്കുന്ന ശൗചാലയങ്ങളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരെത്തി അടപ്പിച്ചിരുന്നു.
ശൗചാലയങ്ങളുടെ എണ്ണം കുറവായതിനാൽ പ്രാഥമികാവശ്യങ്ങൾക്കായി സഞ്ചാരികൾ പ്രവേശന കവാടത്തിന് സമീപങ്ങളിലുള്ള ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നെന്നാണ് പരാതി. ലക്ഷക്കണക്കിന് രൂപ ഫണ്ട് ഉണ്ടായിട്ടും വിനോദസഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്ത വനം- ആരോഗ്യ വകുപ്പുകൾ, പഞ്ചായത്ത് എന്നിവയുടെ നടപടികൾക്കെതിരേ കോൺഗ്രസ് പ്രതിഷേധിച്ചു.
മാലിന്യസംസ്‌കരണത്തിനും സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ശൗചാലയത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്‌നം പരിഹരിച്ചുവെന്നും വെള്ളിയാഴ്ച മുതൽ തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..