കയ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഒന്ന് മുതൽ ആറ് വരെ വാർഡുകളിലും 14-ാം വാർഡിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ഈ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ വിതരണസംവിധാനമുണ്ടെങ്കിലും ആഴ്ചകളോളമായി കുടിവെള്ളമെത്തിയിട്ട്.
ജനങ്ങളുടെ പരാതി വ്യാപകമായതോടെ പഞ്ചായത്തധികൃതർ ഇടപെട്ട് ലോറിയിൽ വെള്ളമെത്തിച്ചുനൽകുകയാണ്. കോഴിത്തുമ്പ് കോളനി, മധുരംപിള്ളി, നവീന കോളനി, മഠത്തിക്കുളം, ഉപ്പുംതുരുത്തി, മാവും വളവ്, കമ്മായിറോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുടിവെള്ളക്ഷാമമുണ്ട്. ചില സമയങ്ങളിൽ പൊതുടാപ്പിൽനിന്ന് നൂലിഴപോലെ വരുന്ന വെള്ളം ശേഖരിക്കാനായി ടാപ്പിനുമുന്നിൽ പാത്രം വെച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പുലർച്ചെ സമയങ്ങളിൽ വെള്ളം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മൂന്നുമണി മുതൽ പാത്രവുമായി വരുന്നുവരുമുണ്ട്. അതേസമയം രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള അഞ്ച്, ആറ് വാർഡുകളിലേക്കായി ഈയിടെ ആരംഭിച്ച രാമൻകുളം കുടിവെള്ള വിതരണ പദ്ധതി തകരാറിലായി. പദ്ധതിയിലെ വിതരണ പൈപ്പ് ലൈൻ ചെന്ത്രാപ്പിന്നി ഈസ്റ്റ്- കോഴിത്തുമ്പ് റോഡിൽ പൊട്ടിയതാണ് കാരണം.
72 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ഈയിടെ പൂർത്തിയാക്കിയത്. അഞ്ച് എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് പമ്പിങ്.
രണ്ട് വാർഡുകളിലായി ആകെ എട്ട് ടാപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പമ്പിങ് സമയത്ത് മുഴുവൻ ടാപ്പുകളും തുറക്കാതെ വരുമ്പോൾ മർദം താങ്ങാനാവാതെയാണ് പൈപ്പ് പൊട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം,


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..