• ഗുരുവായൂർ ക്ഷേത്രനടയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് മച്ചാട് ജയറാമിനെ ദേവസ്വം ഓഫീസിനു മുന്നിൽ നിർത്തിയിരിക്കുന്നു. ചട്ടക്കാരൻ വിഷ്ണുവിനെയും കാണാം
ഗുരുവായൂർ : ഗുരുവായൂരിനു പുറത്തുള്ള ആനകൾക്ക് ക്ഷേത്രനടയിലെത്തി പ്രണമിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച രാവിലെ കൊമ്പൻ മച്ചാട് ജയറാമിന് ക്ഷേത്രനടയിലേക്ക് പ്രവേശനാനുമതി നൽകാതെ മടക്കിയയച്ചു. ഒരു മണിക്കൂറിലേറെ ക്ഷേത്രത്തിനു നൂറുമീറ്റർ അകലെ കാത്തുനിന്ന ശേഷമാണ് കൊമ്പൻ മടങ്ങിയത്.
ആനയുടെ മാനേജർ അജിത് മാരാർ ഗുരുവായൂർ ക്ഷേത്രം അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഭരണസമിതിയുടെ തീരുമാനമുള്ളതിനാൽ മറ്റൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന് ചട്ടക്കാരൻ വിഷ്ണുവും രണ്ടാം പാപ്പാൻ രാഹുലും ആനയെ കിഴക്കേനടയിലെ അപ്‌സര ജങ്ഷനടുത്തേക്ക് കൊണ്ടുവന്നു. അവിടെ വളരെ ദൂരെനിന്ന് ആന തൊഴുതുമടങ്ങി. സംഭവത്തിൽ പ്രതിഷേധവുമായി ഗുരുവായൂർ ആനപ്രേമിസംഘമെത്തി. ആനകളോട് വിവേചനം കാട്ടുന്ന നിയമം ദേവസ്വം എടുത്തുകളയണമെന്ന് ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി. ഉദയൻ ആവശ്യപ്പെട്ടു.
ശനിയാഴ്ച സംഘം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ നേരിൽ കാണും. ആറുമാസം മുമ്പ് ഒരു ഭക്തൻ അഞ്ചാനകളെ ഗുരുവായൂർ ക്ഷേത്രനടയിലേക്ക് കൊണ്ടുവന്നിരുന്നു. ആനകളെ പ്രവേശിപ്പിച്ചെങ്കിലും അത് സുരക്ഷാപ്രശ്നമാകുമെന്നു പറഞ്ഞ് ദേവസ്വം സെക്യൂരിറ്റി ചീഫ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് കത്ത് നൽകി. ആനകളെ ഈ നിലയിൽ ക്ഷേത്രനടയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും കത്തിൽ സൂചന നൽകിയിരുന്നു. അതേത്തുടർന്നാണ് ദേവസ്വം ഭരണസമിതി ആനപ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്. ഈ തീരുമാനം മാധ്യമങ്ങൾ വഴി അറിയിച്ചിട്ടുമില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..