തൃശ്ശൂർ : ആഗ്രഹിച്ചുകിട്ടിയ സൈക്കിളുമായി അമ്മവീട്ടിലെത്തിയതാണ് വൈഷ്ണവ്. എല്ലാവരെയും സൈക്കിൾ കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. ‘‘അയ്യോ! എന്റെ സൈക്കിൾ...’’ എന്നു പറഞ്ഞ് കളിക്കൂട്ടുകാരൻ അപ്പു ഓടിയെത്തിയപ്പോൾ വൈഷ്ണവ് ഒന്നമ്പരന്നു. എന്നാൽ, കൂട്ടുകാരന്റെ മുഖഭാവം കണ്ടപ്പോൾ അവന്റെ മനസ്സലിഞ്ഞു.
ഇതിനിടെ അപ്പു തന്റെ സൈക്കിളിന്റെ കഥ പറഞ്ഞു തുടങ്ങിയിരുന്നു. കുറേ ദിവസം മുമ്പ് കാണാതായതാണ് എന്റെ സൈക്കിൾ. തിരിച്ചുകിട്ടുമെന്ന് കരുതിയേയില്ല. കൂട്ടുകാരന്റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ വൈഷ്ണവ് ഒരു കാര്യം തീരുമാനിച്ചു. ‘‘നമുക്ക് ഈ സൈക്കിൾ അപ്പുവിനുതന്നെ കൊടുക്കാം’’ -അച്ഛനോട് അപ്പോൾത്തന്നെ അവൻ പറഞ്ഞു. ചിയ്യാരം മുനയത്താണ് കഴിഞ്ഞ ദിവസം ഈ സന്തോഷനിമിഷങ്ങളുണ്ടായത്.
എട്ടാംക്ലാസുകാരനായ അദ്വൈത് എന്ന അപ്പുവിന്റെ സൈക്കിൾ രണ്ടു മാസം മുമ്പ് കാണാതെപോയിരുന്നു. അപ്പുവും കുടുംബവും താമസിക്കുന്ന വീടിന്റെ ഉടമയുടെ പേരക്കുട്ടിയാണ് വൈഷ്ണവ്. അമ്മയുടെ ജോലിസ്ഥലമായ ഹൈദരാബാദിൽ പഠിക്കുന്ന വൈഷ്ണവ് അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ അച്ഛൻ സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിക്കൊടുക്കുകയായിരുന്നു. അമ്മവീട്ടിലേക്ക് ആ സൈക്കിളിൽ എത്തിയപ്പോഴാണ് അപ്പുവിന്റെ കണ്ണിൽപ്പെടുന്നത്. മോഷണമുതലാണ് സൈക്കിളെന്ന് കടക്കാരനും തിരിച്ചറിഞ്ഞിരുന്നില്ല.
ചേർപ്പ് സി.എൻ.എൻ. സ്കൂളിൽ പഠിക്കുന്ന അദ്വൈത് ചീയാരത്ത് ഹൗസിൽ ഗോൾഡ് ഡൈ വർക്ക് തൊഴിലാളിയായ സുമേഷിന്റെയും രശ്മിയുടെയും മകനാണ്.
ശനിയാഴ്ച ലോക സൈക്കിൾദിനത്തിൽ യഥാർഥ ഉടമയ്ക്ക് സൈക്കിൾ കൈമാറിയത് വൈഷ്ണവിന്റെ ഇളയ സഹോദരനും അച്ഛനും തൃശ്ശൂർ കോർപറേഷൻ കൗൺസിലറുമായ വിനോദ് പൊള്ളഞ്ചേരിയും ചേർന്നാണ്. അമ്മയുടെ കൂടെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് മടങ്ങേണ്ടിവന്നതിനാൽ കൂട്ടുകാരന്റെ സന്തോഷനിമിഷത്തിൽ വൈഷ്ണവിന് പങ്കുചേരാനായില്ല. അപ്പുവിന് സൈക്കിളിനൊപ്പം നല്ലൊരു പൂട്ടും കൂട്ടുകാരന്റെ കുടുംബം സമ്മാനിച്ചിട്ടുണ്ട്.
ഹൈദരാബാദ് ഉപ്പൽ കേന്ദ്രീയവിദ്യാലയത്തിൽ ഏഴാം ക്ലാസിലാണ് വൈഷ്ണവ് പഠിക്കുന്നത്. സെൻസസ് വകുപ്പിൽ ജോലിചെയ്യുന്ന അമ്മ സജിതയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം കിട്ടിയതിനാൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..