ആളൂർ : ആളൂർ ഉറുമ്പൻകുന്നിൽ 80 വർഷത്തിലേറെ പ്രായം വരുന്ന അപൂർവ ഇനം നാട്ടുമാവ് മുറിച്ചുമാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പേരാമ്പ്ര ബ്രാഞ്ച് കനാലിന്റെ ബണ്ടിൽ നിൽക്കുന്ന മാവാണ് ഇറിഗേഷൻ അധികൃതരുടെ മേൽനോട്ടത്തിൽ മുറിച്ചുമാറ്റാൻ ശ്രമിച്ചത്. പ്രദേശത്ത് കരിമ്പുമാവ് എന്നാണ് ഇത് അറിയപ്പെടുന്നത്.
പഞ്ചായത്തിന്റെയോ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെയോ അനുമതിപോലും ഇല്ലാതെയാണ് തായ്മരം ഒഴികെ മുഴുവൻ ഭാഗങ്ങളും വെട്ടി മാറ്റിയത്. നാട്ടുകാരും സാമൂഹിക - പരിസ്ഥിതി പ്രവർത്തകരും വിവരമറിയിച്ചതിനെത്തുടർന്ന് ഇറിഗേഷൻ-വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മഴക്കാലത്തിന് മുന്നോടിയായി അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് നടപടിയെന്നായിരുന്നു ഇറിഗേഷൻ അധികൃതരുടെ വിശദീകരണം.
എന്നാൽ മാവോ, ശിഖരങ്ങളോ മുറിച്ചുമാറ്റാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും കാഴ്ചയിൽ മരത്തിന് അപകടാവസ്ഥ ഇല്ലെന്നും സാമൂഹികവനവത്കരണവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ജൈവവൈവിധ്യ പരിപാലനസമിതി (ബി.എം.സി.) കൺവീനർ പി.കെ. കിട്ടൻ പറഞ്ഞു. വാർഡ് അംഗം സവിതാ ബിജു, റാഫി കല്ലേറ്റുങ്കര, വിശ്വംഭരൻ, എം. മോഹൻദാസ്, സി.വി. ജോസ്, പി.എ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മരംമുറി തടഞ്ഞത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..