കടലേറ്റത്തിന് തടയിടാൻ ഇടപെടൽ : അഞ്ചങ്ങാടി വളവിൽ കരിങ്കൽഭിത്തി വരുന്നു


2 min read
Read later
Print
Share

Caption

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കടലേറ്റഭീഷണി രൂക്ഷമായി നേരിടുന്ന അഞ്ചങ്ങാടി വളവ് മുതൽ 65 മീറ്റർ സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിൽ അടിയന്തരമായി കരിങ്കൽഭിത്തി നിർമിക്കും. എൻ.കെ. അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മൂന്നു ദിവസത്തിനകം കരാർ നടപടികൾ പൂർത്തീകരിച്ച് പത്തു ദിവസത്തിനുള്ളിൽ അടിയന്തരമായി നിർമാണം നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു. ഇതു സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് എൻജിനീയർ എന്നിവരുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയതായും എം.എൽ.എ. അറിയിച്ചു.

കരിങ്കൽഭിത്തി നിർമാണത്തിന് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ തയ്യാറാക്കിയതായും എം.എൽ.എ. അറിയിച്ചു. കടപ്പുറം പഞ്ചായത്തിലെ കടലേറ്റഭീഷണി തടയാൻ 10 ലക്ഷം രൂപയുടെ ജിയോ ബാഗ് പദ്ധതിയാണ് മുന്നോട്ടുവെച്ചിരുന്നത്. ശാശ്വതപരിഹാരം ഇതിലൂടെ കാണാൻ കഴിയില്ലെന്നതുകൊണ്ടാണ് കരിങ്കൽ ഭിത്തി നിർമിക്കാനുള്ള തീരുമാനത്തിലെത്തിയത്. കടലേറ്റം തടയാൻ തയ്യാറാക്കിയ 60 കോടി രൂപയുടെ ദീർഘപദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും എം.എൽ.എ. പറഞ്ഞു. കടൽഭിത്തി നിർമാണത്തിനാവശ്യമായ കരിങ്കൽ ലഭ്യമാക്കാൻ വേണ്ട നടപടി ഉടൻ സ്വീകരിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടലേറ്റസമയത്ത് പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള സൗകര്യമൊരുക്കാൻ കളക്ടറോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ താജുദ്ദീൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മോഹനൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഹരീഷ്, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സരിൻ, പൊതുമരാമത്ത് അസി.എക്സി. എൻജിനീയർ മാലിനി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വേണ്ടത് ശാശ്വത പരിഹാരം

ചാവക്കാട് : രൂക്ഷമായ കടലേറ്റഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിൽ ശാശ്വതപരിഹാരമാണ് വേണ്ടതെന്ന് എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടന്ന അടിയന്തരയോഗത്തിൽ കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലായിൽ ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ.യെക്കണ്ട് നിവേദനം സമർപ്പിച്ചെങ്കിലും നടപടി എടുക്കാത്തതിലുള്ള പ്രതിഷേധം ഭരണസമിതി അറിയിച്ചു.

മുൻ വർഷങ്ങളിലുണ്ടായ കടലേറ്റത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ തയ്യാറാക്കിയ എസ്റ്റിമേറ്റിൽ ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വർഷങ്ങളായി തുടരുന്ന അനാസ്ഥ ഉപേക്ഷിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..