അർഹരെ കാത്ത് ഇനിയും എത്രനാൾ ?


2 min read
Read later
Print
Share

• പെരിഞ്ഞനത്തെ പ്രളയപ്പുര പദ്ധതിയിലെ വീടുകൾ

പെരിഞ്ഞനം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി ഒരു കോടി മുതൽമുടക്കി പെരിഞ്ഞനത്ത് നിർമിച്ച പ്രളയപ്പുര ആൾത്താമസമില്ലാതെ നശിക്കുന്നു.

മൂന്നു വർഷം മുമ്പ് പണിത ഫ്ലാറ്റ് സമുച്ചയത്തിലേക്ക് അർഹരായ ഉപഭോക്താക്കളെ കണ്ടെത്താൻ പഞ്ചായത്തും ജില്ലാ ഭരണകൂടവും തമ്മിലുള്ള തർക്കം കാരണം ഇനിയും കഴിഞ്ഞിട്ടില്ല. 14 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്നിടത്ത് ഇപ്പോൾ രണ്ട് കുടുംബങ്ങൾ മാത്രമാണുള്ളത്. ഒട്ടേറെപ്പേർ വീടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സാങ്കേതികപ്രശ്നങ്ങളിൽ കുടുങ്ങി കെട്ടിടം വെറുതേ കിടക്കുന്നത്.

2018-ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്തിന്റെ നേതൃത്വത്തിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പ്രളയപ്പുര പദ്ധതിക്കായി അനുമതി നേടിയത്. റോട്ടറി ക്ലബ്ബ് നൽകിയ ഒരു കോടി രൂപ ഉപയോഗിച്ചാണ് ഇരുനിലകളിലായി 14 ചെറു ഫ്ലാറ്റുകൾ പണിതത്. 2019-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയത്. 2020 സെപ്റ്റംബർ 12-ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി. മൊയ്തീൻ, കളക്ടർ എസ്.ഷാനവാസിന് താക്കോൽ കൈമാറി.

തുടർന്ന് പഞ്ചായത്ത് നൽകിയ പട്ടികയിൽനിന്ന് ജില്ലാ ഭരണകൂടത്തിന്റെ മാനദണ്ഡപ്രകാരം ഭൂ-ഭവന രഹിതരായവരിൽനിന്ന് രണ്ടുകുടുംബങ്ങളെ കണ്ടെത്തി. ബാക്കിയുള്ള 12 വീടുകൾക്കായി ജില്ലാ ഭരണകൂടം സർക്കാരിന് സമർപ്പിച്ച ഗുണഭോക്താക്കളുടെ പട്ടികയിൽ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. പ്രളയത്തിൽ ഭൂമിയും സ്ഥലവും നഷ്ടപ്പെട്ടവർക്കായുള്ള അന്വേഷണത്തിൽ തലപ്പിള്ളിയിൽനിന്നും ആനാപ്പുഴയിൽനിന്നും അർഹരായവരെ ജില്ലാ ഭരണകൂടം കണ്ടെത്തിയെങ്കിലും സ്വന്തം നാടും ചുറ്റുപാടും ഉപേക്ഷിച്ചുപോരാൻ അവരാരും തയ്യാറായിരുന്നില്ലെന്നാണ് വിവരം. പ്രളയത്തിൽ വീടു നഷ്ടമായവർക്ക് വീടു പണിയുന്നതിന് സർക്കാർ സഹായധനം ലഭിച്ചതിനാൽ പ്രളയബാധിതരായ ഗുണഭോക്താക്കളും താരതമ്യേന കുറവാണ്. ജില്ലാ ഭരണകൂടവും പഞ്ചായത്തും തമ്മിൽ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളിലെ തർക്കവും പദ്ധതിയെ ഈ നിലയിലെത്തിച്ചെന്നാണ് ആക്ഷേപം.പെരിഞ്ഞനത്തെ പ്രളയപ്പുര ആളില്ലാതെ നശിക്കുന്നുലൈഫിൽപെട്ടവരെയും പരിഗണിക്കണം

പ്രളയപ്പുര പദ്ധതി പ്രളയബാധിതർക്ക് മാത്രമെന്നത് സർക്കാർ രേഖകളിൽനിന്ന് മാറ്റി ലൈഫ് പദ്ധതിയിൽ പെട്ട മറ്റു ഗുണഭോക്താക്കൾക്കും വീടു നൽകാമെന്ന നിർദേശം സർക്കാർ ഇറക്കിയിരുന്നെങ്കിൽ ഇത് ഒരുപാടുപേർക്ക് ഉപകാരപ്രദമായേനെ.

കെ.കെ. സച്ചിത്ത്

മുൻ പഞ്ചായത്ത് പ്രസിഡന്റ്

മാനദണ്ഡങ്ങൾ തടസ്സമാകുന്നു

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മാത്രമായി വിഭാവനചെയ്ത പദ്ധതിയിൽ മറ്റ് ഗുണഭോക്താക്കളെ ഉൾപെടുത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ കർശനവ്യവസ്ഥയാണ് പ്രതിസന്ധിയുണ്ടാക്കിയത്. പുതിയ പഞ്ചായത്ത് ഭരണ സമിതി വന്നതിനു ശേഷം ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

വിനീതാ മോഹൻദാസ്

പഞ്ചായത്ത് പ്രസിഡൻറ്

കണ്ടെത്താനാകാത്തത്പരാജയം

ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തും സർക്കാരും മൂന്നുവർഷമായി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. കെട്ടിടം നശിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.

കെ.വി. ചന്ദ്രൻ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..