സ്ഥാനാർഥിയെന്നറിഞ്ഞത് വോട്ടെടുപ്പിന് തൊട്ടുമുമ്പ്; വോട്ട് ചെയ്ത് റോസി മടങ്ങിയത് ഡെപ്യൂട്ടി മേയറായി


1 min read
Read later
Print
Share

തൃശ്ശൂർ മുനിസിപ്പാലിറ്റിയായിരുന്ന 1995-ലാണ് റോസി ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കന്നിമത്സരത്തിൽത്തന്നെ വിജയിച്ച അവർക്ക് പിന്നെ പരാജയമറിയേണ്ടിവന്നില്ല. ഏതു പാർട്ടിക്കാർ പിന്തുണച്ചാലും എതിർത്താലും മത്സരിച്ചാൽ വിജയം അവർക്കൊപ്പമായി.

• ഡെപ്യൂട്ടി മേയറുടെ കസേരയിൽ എം.എൽ. റോസി

തൃശ്ശൂർ : തിങ്കളാഴ്ച വോട്ടുചെയ്യാനായി കോർപ്പറേഷൻ ഓഫീസിലെത്തിയ കൗൺസിലർ എം.എൽ. റോസി മടങ്ങിയത് ‘ഡെപ്യൂട്ടി മേയർ’ ബോർഡുവെച്ച സർക്കാർ വാഹനത്തിലാണ്. വോട്ടെടുപ്പ് തുടങ്ങുന്നതിന്‌ തൊട്ടുമുമ്പാണ് സ്ഥാനാർഥിയാണെന്ന് റോസിപോലുമറിയുന്നത്. ഊഴപ്രകാരം സി.പി.ഐ.ക്ക്‌ കിട്ടേണ്ട പദവിക്കായി ഒന്നിൽക്കൂടുതൽപേർ അവകാശവാദമുന്നയിച്ചതോടെ റോസിക്ക് ഭാഗ്യം തെളിയുകയായിരുന്നു. നിനച്ചിരിക്കാത്ത സമയത്തുകിട്ടിയ അംഗീകാരം പക്ഷേ, തന്നെ സ്നേഹിക്കുന്നവർ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണെന്ന് റോസി പറഞ്ഞു.

തൃശ്ശൂർ മുനിസിപ്പാലിറ്റിയായിരുന്ന 1995-ലാണ് റോസി ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കന്നിമത്സരത്തിൽത്തന്നെ വിജയിച്ച അവർക്ക് പിന്നെ പരാജയമറിയേണ്ടിവന്നില്ല. ഏതു പാർട്ടിക്കാർ പിന്തുണച്ചാലും എതിർത്താലും മത്സരിച്ചാൽ വിജയം അവർക്കൊപ്പമായി. ജയിക്കാൻ റോസിയെ വേണമെന്ന നിലയിലേക്ക് പാർട്ടിക്കാരെത്തുന്നതുപോലെ വിലപ്പെട്ടതാണ് ഈ 70-കാരിയുടെ പൊതുജീവിതം. ഇടവേളയില്ലാതെ 28 വർഷം ജനപ്രതിനിധിയായ റോസി ഇപ്പോഴത്തെ കൗൺസിലിലെ ഏറ്റവും മുതിർന്ന അംഗവുമാണ്. രണ്ടുതവണ ജനറൽ സീറ്റിൽ മത്സരിച്ചാണ് എതിരാളികളെ മലർത്തിയടിച്ചത്. സി.പി.എം. സ്വതന്ത്രയായാണ് ജനറൽ സീറ്റായ കാളത്തോട് ഡിവിഷനിൽനിന്ന് ഒടുവിൽ കൗൺസിലറായത്. ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്നും അന്നും താൻ വിജയിക്കുമെന്നും ഉറപ്പിച്ചുപറയുന്ന ആത്മവിശ്വാസമാണ് റോസിയുടെ വിജയരഹസ്യം.

രാഷ്ട്രീയപാർട്ടികളുടെയും നേതാക്കളുടെയും തണലില്ലാതെ സ്വന്തംനിലയിൽ വളർത്തിയെടുത്ത പൊതുസേവനമാണ് റോസിയുടെ കൈമുതൽ. ജനപ്രതിനിധിയായ കാലംതൊട്ട് രാവിലെ അത്യാവശ്യ വീട്ടുജോലികൾ ചെയ്ത് റോസി തന്റെ വണ്ടിയുമായി പുറത്തിറങ്ങും. ഡിവിഷന്റെ മുക്കിലും മൂലയിലുമെത്തി വോട്ടർമാരുടെ ആവശ്യങ്ങളും ആവലാതികളും കേൾക്കും. സമയമുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കും ഈ രീതി തുടരും.

ആയിരത്തി എഴുനൂറോളം പേർക്ക് സ്വന്തം കൈപ്പടയിൽ അപേക്ഷ തയ്യാറാക്കി ക്ഷേമപെൻഷൻ എത്തിച്ച ജനപ്രതിനിധിയെ വോട്ടർമാരും കൈവിട്ടില്ല. തന്നെത്തേടി വോട്ടർമാർക്കാർക്കും വീട്ടിലോ ഓഫീസിലോ എത്തേണ്ടിവരാറില്ല. എല്ലാവരെയും നേരിൽക്കാണാൻ താനങ്ങോട്ടെത്തും -വിജയരഹസ്യം റോസി പങ്കുവയ്ക്കുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..