ഒരു ഐമാക്‌സ് പൂരം


പ്രതീകാത്മക ചിത്രം

മറ്റൊരു ദേശത്തുനിന്ന്‌ കേരളത്തിലേക്ക്‌ നോക്കുമ്പോഴാണ് ഇവിടത്തെ ഭംഗികളും ഭൂഷകളും പ്രത്യേകതകളും നമുക്ക് കൂടുതൽ തെളിഞ്ഞുവരുന്നത്. അങ്ങനെ അമേരിക്കയിൽ ഇരുന്ന്‌ കേരളത്തിലേക്കു നോക്കാൻ കഴിഞ്ഞപ്പോഴത്തെ പൂരക്കാഴ്‌ചയുടെ മനോഹാരിതയാണ് ഞാൻ ഇന്നും ഓർക്കുന്നത്.

മകളെ കാണാൻ ഞാനും ഭാര്യയും അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള ക്ലിവ്‌ലാൻഡിൽ എത്തിയത് ഒരു ക്രിസ്മസ്‌കാലത്തായിരുന്നു. കൊടും തണുപ്പ്. എങ്ങും വെളുപ്പുനിറത്തിന്റെ അവസാനമില്ലാത്ത പടർച്ച. ഞങ്ങൾ ക്ലീവ്‌ലാൻഡ്‌ നഗരമധ്യത്തിലുള്ള ഒരു ഐമാക്‌സ് തിയേറ്ററിൽ കയറി. എന്താണ് സിനിമ എന്ന് അറിഞ്ഞിട്ടല്ല. ഐമാക്‌സ് തിയേറ്ററിലിരുന്ന്‌ സിനിമ കാണുന്നതിന്റെ അനുഭവം എന്തെന്നു രുചിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ഏറക്കുറെ കോൺകേവ് രൂപത്തിൽ അടിയിൽനിന്ന് ചുമരിന്റെ മുകൾവശത്തോളം പൊങ്ങിയുയർന്നുനിൽക്കുന്ന വലിയൊരു സ്‌ക്രീനാണ് മുന്നിൽ. ഇമേജുകൾ അതിഭീമമായ വലുപ്പത്തിലും അതിനുയോജിച്ച ശബ്ദത്തോടുകൂടിയും തെളിഞ്ഞുവരും. നമുക്ക് കഴുത്ത് ഉയർത്തേണ്ടതില്ല. അതിനാൽ ചുമൽവേദന ഒട്ടുമുണ്ടാവില്ല. കസേരയുടെ കൈകൾ വലിച്ചാൽ അത് ഒരു മേശയ്ക്കു സമമാകും. ബിയറോ തീറ്റസാധനങ്ങളോ അതിന്മേൽ വെച്ചുകഴിക്കാം. ഞങ്ങൾ കയറുമ്പോൾ ആ വലിയ തിയേറ്ററിൽ അമ്പതിൽ കുറവ് കാഴ്‌ചക്കാരേയുള്ളൂ. ഉച്ചയ്ക്ക് ഒന്നരമണിയായപ്പോൾ പടം തുടങ്ങി. ടൈറ്റിലുകൾ തെളിഞ്ഞു. 'Rhythms of the World' ലോകത്തിൽ ഒറ്റയ്ക്കും കൂട്ടായും മനുഷ്യർ നിർമിക്കുന്ന താളക്രമങ്ങളുടെ ചിത്രഭാഷ്യമാണ് ഞങ്ങൾ കാണാൻ പോകുന്നതെന്ന് അപ്പോഴാണ് അറിയുന്നത്.

ന്യൂയോർക്കിലെ തെരുവുകളിൽ, കറുത്തവർ താമസിക്കുന്ന ഹാർലെമിൽ, ആഫ്രിക്കൻ ജനപദങ്ങളിൽ അങ്ങനെ ലോകത്തെങ്ങും മനുഷ്യർ ഉപകരണങ്ങളുടെ സഹായത്താൽ സൃഷ്ടിക്കുന്ന താളക്കെട്ടുകളുടെ ലഹരിയിലേക്കാണ് ആ സിനിമ ഞങ്ങളെ കൊണ്ടുപോയത്. പെട്ടെന്നതാ ഒരു മാറ്റം. ഞാൻ അവിശ്വാസത്തോടെ നോക്കി. തലേക്കെട്ടണിഞ്ഞ ഒരു ആനയുടെ മസ്തകമല്ലേ അത്! തൃശ്ശൂരിലെ തെക്കേഗോപുരത്തിന്റെ കവാടമല്ലേ അത്‌ കടന്നുവരുന്നത്. മുന്നിൽ തേക്കിൻകാട്‌ മൈതാനമല്ലേ കാണുന്നത്. കുടമാറ്റത്തിന്റെ വർണപ്പൊലിമയും പാണ്ടിമേളത്തിന്റെ ഉച്ചസ്ഥായിയുമല്ലേ മുന്നിൽ തെളിയുന്നത്. ഷോക്കടിച്ചാലെന്നപോലെ ഞങ്ങൾ അമ്പരന്നുപോയി.

ആനകൾ പൊന്നണിഞ്ഞ്‌ ആലവട്ടവെൺചാമരങ്ങളോടെ ഐമാക്‌സിന്റെ വൻ സ്‌ക്രീനിൽ നിറഞ്ഞുനിന്നു. ഇങ്ങനെയൊരു ദൃശ്യം അവിടെയിരുന്ന കാഴ്‌ചക്കാർക്കാർക്കും സങ്കല്പിക്കാനാകില്ല എന്ന് ഉറപ്പാണ്. മേളം പെരുകിയപ്പോൾ അതിനോടൊപ്പം, തേക്കിൻകാട് മൈതാനത്തിലെ കേൾവിക്കാർ തുള്ളിയ താളത്തിൽ, തിയേറ്ററിലെ കാഴ്ചക്കാരും ആവേശഭരിതരായി തുള്ളിയാർത്തു. തൃശ്ശൂരിലെ പൂരം എത്രയോ കിലോമീറ്ററുകൾ ദൂരെയുള്ള അമേരിക്കൻ പട്ടണത്തിലെ ഒരു തിയേറ്ററിനകത്തും പടർന്നു.

ഞാൻ ഓർത്തുനോക്കുകയായിരുന്നു. ആഫ്രിക്കയിൽ ചെണ്ടകൾക്കോ ആനകൾക്കോ ഒരു ക്ഷാമവുമില്ല. സ്വർണഖനികൾക്കും പഞ്ഞമില്ല. ചെണ്ടകൾ നാം വർത്തമാനം പറയുന്നതുപോലെ ഉപയോഗിക്കുന്ന രാജ്യമാണ് ആഫ്രിക്ക. എന്നാൽ, ആ ആഫ്രിക്കയിലോ, ഏഷ്യയിലെ മറ്റു രാജ്യങ്ങളിലോ ഒന്നും, പൊന്നണിഞ്ഞ മസ്തകങ്ങൾക്കു മുകളിൽ കുടയും ചാമരവും വിടർത്തി, മുന്നിൽ കൊമ്പും കുഴലും, അനേകം ചെണ്ടകളിൽനിന്ന് ഉയരുന്ന ശബ്ദവൈവിധ്യത്തെ കൃത്യമായ ഒരു താളക്കണക്കിൽ ചിട്ടപ്പെടുത്തി, ക്രമത്തിൽ അതിന്റെ വേഗം കൂട്ടി, അവസാനം ഉച്ചസ്ഥായിയിലെത്തി അവസാനിക്കുന്ന ഇത്തരം ഭീമമായ ശബ്ദശില്പങ്ങൾ നിർമിക്കപ്പെട്ടിട്ടില്ല. അത് ഉയരുന്ന തിയേറ്ററുകൾ ആകട്ടെ കിലോമീറ്ററോളം പരുന്നുകിടക്കുന്ന വിസ്‌തൃതമായ പുറംപ്രദേശവും. അദ്‌ഭുതകരമായ, മറ്റെങ്ങും കാണാത്ത ഈ ശബ്ദത്തനിമയിലേക്ക് നോക്കാനും അങ്ങനെ കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതയിലേക്ക് ഒരു കാഴ്‌ച കിട്ടാനും സഹായകമായി ആ ഐമാക്‌സ് തിയേറ്ററിലെ പൂരക്കാഴ്ച.

(മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)

കെ.സി. നാരായണൻ

Content Highlights: thrissur pooram 2022 - imax pooram

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..