കളക്ടറെ പിരിയാൻ മടി; ഗീതയ്ക്കൊപ്പം ‘വയനാടും’ കൂടെപ്പോന്നു


1 min read
Read later
Print
Share

ഡോ. എ ഗീത | Photo: മാതൃഭൂമി

കോഴിക്കോട് : പുതുതായി ചുമതലയേൽക്കാനെത്തിയ കളക്ടർക്കൊപ്പം പത്തെഴുപത്തഞ്ചുപേരെ കണ്ടപ്പോൾ ക്യാമ്പ് ഓഫീസിൽ ആദ്യമൊരു അങ്കലാപ്പ്, പിന്നെ കൗതുകം. കൗതുകം പിന്നെ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരിലാകെ പടർന്നു. പതിവില്ലാത്തൊരു കാര്യമാണ്. ചുമതലയേൽക്കാൻവരുന്ന കളക്ടർമാരും കുടുംബവുമൊക്കെയാണ് സാധാരണവരാറുള്ളത്. അവിടെയാണ് ഇത്രയുംപേരുടെ സംഘമെത്തുന്നത്.

18 മാസം വയനാട് കളക്ടറായിരുന്ന ഗീതയെ കഴിഞ്ഞദിവസമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അവർ കോഴിക്കോട്ടെ ക്യാമ്പ് ഓഫീസിലെത്തിയത്. ഗീതപോരുമ്പോൾ വയനാട്ടിൽനിന്ന് വലിയൊരുസംഘവും കൂടെപ്പോന്നു. ക്യാമ്പ് ഓഫീസിലെ ജീവനക്കാർമുതൽ റവന്യൂ വകുപ്പിലെ കുറച്ച് ജീവനക്കാർവരെയുള്ളൊരു സംഘം. കോഴിക്കോട്ടേക്ക് കൂടെപ്പോരാൻപറ്റാത്ത ഉദ്യോഗസ്ഥരൊക്കെ ലക്കിടിയിൽ ചുരമിറങ്ങുന്നതുവരെ കൂടെയുണ്ടായിരുന്നു. അവരെ കളക്ടർതന്നെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.

മികച്ച കളക്ടറായി അംഗീകരിക്കപ്പെട്ടപ്പോഴും ജീവനക്കാരുടെയെല്ലാം നല്ലസുഹൃത്തുമായിരുന്നു ഗീത വയനാട്ടിൽ. ആജ്ഞകൾ നൽകിയും ജോലിയെടുപ്പിക്കാം, ഒരുമിച്ചുനിർത്തിയും ജോലിചെയ്യിപ്പിക്കാം. തന്റേത് രണ്ടാമത്തെ വഴിയാണെന്ന് നേരത്തേത്തന്നെ അവർ വ്യക്തമാക്കിയിരുന്നു.

വയനാട്ടിലെ ഉദ്യോഗസ്ഥരിൽ വലിയൊരുവിഭാഗം വീടുവിട്ടുനിൽക്കുന്നവരാണ്. അവർക്ക് ചേച്ചിയെയോ അമ്മയെയോ പോലെയുള്ളൊരു കരുതലും നൽകാൻ അവർ ശ്രദ്ധിച്ചിരുന്നു. സഹപ്രവർത്തകരുമായുള്ള ഈ സൗഹൃദവും സ്നേഹവും തന്നെയാണ് സ്ഥലംമാറിപ്പോരുമ്പോൾ തന്റെ കൂടെ ചുരമിറങ്ങിയതെന്നാണ് കളക്ടറുടെ വിശ്വാസം. ‘‘വയനാട് വ്യത്യസ്തമായൊരു സ്ഥലമാണ്. അവിടെ വല്ലാത്തൊരു സ്നേഹമുണ്ട് -ഗീത ‘മാതൃഭൂമി’യോട് പറഞ്ഞു.

കുറെകാര്യങ്ങൾ വയനാട്ടിൽ ചെയ്യാനായി. ജീവനക്കാരുടെ നല്ലൊരുടീം അവിടെയുണ്ടായിരുന്നു. കാര്യങ്ങൾ ചെയ്യുമ്പോൾ ടീം രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യും. അത് പിരിയുന്നതിന്റെയൊക്കെ വിഷമം അവിടെയുണ്ടായെന്നാണ് മനസ്സിലാക്കുന്നതെന്നും അവർ പറഞ്ഞു. കോഴിക്കോട് കളക്ടറായി ഗീത വ്യാഴാഴ്ച ചുമതലയേൽക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..