‘ഈ കൂരയ്ക്കുള്ളിൽ എങ്ങനെ അന്തിയുറങ്ങും...’


2 min read
Read later
Print
Share

മറപോലുമില്ലാത്ത പ്ലാസ്റ്റിക് കൂരയിൽ കഴിയുന്നത് ചെറിയ കുഞ്ഞ് ഉൾപ്പെടെ ഏഴംഗ ആദിവാസികുടുംബം

ഗോദാവരി കോട്ടക്കുന്ന് കോളനിയിലെ കാളന്റെ നേരത്തേ തകർന്നുവീണ കൂര

തലപ്പുഴ: ‘‘ഒരാഴ്ച മുമ്പാണ് ഞങ്ങളുടെ കൂര തകർന്നുവീണത്. അതിനുശേഷം ഇതിനുള്ളിലാണ് താമസം. ഭർത്താവിന് സുഖമില്ലാത്തതിനാൽ ഇതുവരെ നല്ല കൂര നിർമിക്കാൻ കഴിഞ്ഞിട്ടില്ല. എത്രദിവസം ഇതിനുള്ളിൽ കഴിയണമെന്നറിയില്ല. ചെറിയ കുഞ്ഞുള്ളതുകൊണ്ടാണ് പ്രയാസം. മഴപെയ്താൽ ഇതിനുള്ളിൽ ഇരിക്കാനോ നിൽക്കാനോ പറ്റില്ല...’’ - നിസ്സഹായതയും സങ്കടവുംനിറഞ്ഞ ശബ്ദത്തിലാണ് തലപ്പുഴ തിണ്ടുമ്മൽ ഗോദാവരി കോട്ടക്കുന്ന് കോളനിയിലെ അനിത ഇത്രയും പറഞ്ഞത്.

ചെറിയ മരക്കമ്പുകളും കീറിപ്പറഞ്ഞ പ്ലാസ്റ്റിക് കഷണങ്ങളുംകൊണ്ട് നിർമിച്ച കൂരയിലെ പൊടിമണ്ണിന് മുകളിൽ പായ വിരിച്ച് അതിലാണ് ഒരുമാസംമാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം ഏഴംഗ കുടുംബം അന്തിയുറങ്ങുന്നത്. വെയിലും കാറ്റും ചാറ്റൽ മഴയും എല്ലാം ഈ കൂരയ്ക്കുള്ളിലെത്തും. ഇതെല്ലാം സഹിച്ചാണ് ഒരു സുരക്ഷിതത്വവുമില്ലാത്ത കൂരയിൽ ഈ കുടുംബം താമസിക്കുന്നത്.

65-കാരനായ കാളനാണ് കുടുംബനാഥൻ. ഇദ്ദേഹത്തിന്റെ ഭാര്യ വെള്ളച്ചിയും മകൾ അനിതയും ഭർത്താവ് അനീഷും ഇവരുടെ മൂന്നു മക്കളുമാണ് ഇവിടെ താമസിക്കുന്നത്. പത്ത് വർഷത്തിലധികമായി ഈ കുടുംബം തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി കോളനിയിൽ താമസിക്കുന്നു. കൈയേറ്റഭൂമിയാണ് ഇത്. കാളനും കുടുംബത്തിനും സർക്കാർ ഇതുവരെ വനാവകാശരേഖ അനുവദിച്ചിട്ടില്ല. മുമ്പ് താമസിച്ചിരുന്ന കൂര കാലപ്പഴക്കത്താൽ തകർന്നതാണ് ഇവർക്ക് ദുരിതമായത്. രണ്ട് മുറിയുള്ള അത്യാവശ്യം സൗകര്യമുള്ള പ്ലാസ്റ്റിക് കൂരയായിരുന്നു അത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കൂരയിലാണ് ഇപ്പോഴത്തെ താമസം.

കാളന് വാർധക്യസഹജമായ അസുഖങ്ങളുണ്ട്. അനീഷിന് വൃക്കസംബന്ധമായ അസുഖം ഉള്ളതിനാൽ പണിയെടുക്കാൻ കഴിയാത്ത സ്ഥിതിയും. അസുഖം കാരണം അനീഷിന്റെ ശരീരം ഇപ്പോർ തടിച്ച് വീർത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ വാസയോഗ്യമായ നല്ല കൂര നിർമിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബം.

സന്നദ്ധസംഘടന നിർമിച്ചു നൽകിയ ശൗചാലയം മാത്രമാണ് ഇവിടെ നല്ലതെന്ന് പറയാനുള്ളത്. പഴയ കൂര നേരത്തേ വൈദ്യുതീകരിച്ചിരുന്നെങ്കിലും തകർന്നതോടെ വെളിച്ചവും ഇല്ലാതായി. ഇവർ താമസിക്കുന്ന സ്ഥലത്തിന് വനാവകാശ രേഖയില്ലാത്തത് സർക്കാരിൽനിന്ന് വീട് നിർമിക്കാനുള്ള സഹായധനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാണ്. ഈ കോളനിയിൽ താമസിക്കുന്ന ഒട്ടേറെ ആദിവാസികുടുംബങ്ങൾക്ക് സർക്കാർ ഭൂരേഖ നൽകി ഇതിനകം വീട് നിർമിച്ചു നൽകിയിട്ടുമുണ്ട്.

പൊടിമണ്ണിലെ താമസംമൂലം കുട്ടികൾക്ക് പലവിധ രോഗങ്ങളും പിടിപെട്ടുതുടങ്ങിയതായി അനീഷ് പറഞ്ഞു. മഴയ്ക്കുമുമ്പ് നല്ലൊരു കൂര നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെ ഇവിടെ കഴിയാനാകുമെന്നതാണ് ഇവരുടെ ആശങ്ക.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..