പുഷ്പമേളയ്ക്കായി ഒരുങ്ങിയ ഊട്ടി സസ്യോദ്യാനം
ഊട്ടി : ഊട്ടിയിലെ പ്രധാന ആസ്വാദനകേന്ദ്രമായ സസ്യോദ്യാനം, 124-ാമത് പുഷ്പമേളക്കായി ഒരുങ്ങുന്നു. ഏഷ്യയിലെതന്നെ ഏറ്റവുംവലിയ പുഷ്പമേളയാണ് മേയ് 20മുതൽ 25വരെ ഊട്ടി സസ്യോദ്യാനത്തിൽ നടക്കാൻപോകുന്നത്.
നീലഗിരിയെ കണ്ടെത്തിയ ജോൺ സുള്ളിവന്റെ നേതൃത്വത്തിൽ പ്രശസ്ത ഉദ്യാന നിർമാതാവായ ഡബ്ള്യു. ജി. മെക്ക് ഐവരാണ് സസ്യോദ്യാനം രൂപകൽപ്പന ചെയ്തത്. 55 ഏക്കർ സ്ഥലത്ത് അപൂർവ ചെടികളും വൃക്ഷത്തൈകളും വെച്ചുപിടിപ്പിച്ചു. ഇവയിൽ കൂടുതലും ബ്രിട്ടനിൽനിന്നും കൊണ്ടുവന്നവയാണ്. ഉദ്യാനം സുന്ദരമാക്കാൻ പിന്നീട് ചെടികൾ നട്ടുവളർത്തി. വേനൽക്കാലത്ത് ഉല്ലാസത്തിനെത്തുന്ന ബ്രിട്ടീഷ് കുടുംബങ്ങൾക്കുവേണ്ടിയാണ് ഉദ്യാനം ഒരുക്കിയത്.
1895 മുതൽ വേനൽക്കാലത്ത് പുഷ്പമേളയും ആരംഭിച്ചു. അന്നാരംഭിച്ച പുഷ്പമേള ഇന്നും തുടരുകയാണ്. കഴിഞ്ഞ രണ്ടുവർഷം കോവിഡ് കാരണം റദ്ദാക്കിയ മേള ഈവർഷം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ഹോർട്ടിക്കൾച്ചർ വിഭാഗം. ഇതിനായി പത്തോളം വിദേശരാജ്യങ്ങളിൽനിന്നും പുതിയ ഇനം ചെടികൾ ഇറക്കുമതി ചെയ്ത് ഉദ്യാനത്തിൽ നട്ടുവളർത്തി പരിപാലിച്ചുവരികയാണ്. 15,000 ചെടികൾ മേയ് മാസം പുഷ്പിക്കുന്ന രീതിയിൽ വളർത്തുന്നുണ്ട്. ഉദ്യാനത്തിലെ ഗ്ലാസ് ഹൗസ്, ഇറ്റാലിയൻ ഗാർഡൻ എന്നിവയിലെ പല വർണപ്പൂക്കൾ സഞ്ചാരികളുടെ മനംകവരുന്നവയാണ്.
പുഷ്പമേള കാണാൻ വിദേശികളുൾപ്പെടെ ലക്ഷക്കണക്കിന് പേർ ഊട്ടിയിലെത്തും. പൂക്കൾ കൊണ്ടൊരുക്കുന്ന വിവിധ രൂപങ്ങളായിരിക്കും മേളയിലെ ആകർഷണം. ഉദ്യാനം മുഴുവൻ ലക്ഷക്കണക്കിന് ചെടികൾ പുഷ്പിച്ച് വർണക്കാഴ്ച ഒരുക്കുന്നത് അടുത്തദിവസങ്ങൾക്കുള്ളിൽ കാണാം.
Content Highlights: ooty flower show from may 20
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..