അതിതീവ്രമഴ മുന്നറിയിപ്പ്;ജില്ലയിൽ ജാഗ്രത


കല്പറ്റ : ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണമെന്നും കളക്ടർ നിർദേശിച്ചു.

മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണം.

പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പുഴകളോ തോടുകളോ മുറിച്ച് കടക്കരുത്.

പുഴകളിലും മറ്റും കുളിക്കാനിറങ്ങരുത്.

പൊതുസ്ഥലത്ത് അപകടഭീഷണിയുള്ള മരങ്ങളോ ശിഖരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പിനെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ അറിയിക്കണം.

റിസോർട്ട്-ഹോംസ്റ്റേ ഉടമകൾ ഇവിടങ്ങളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകണം. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.

സാഹചര്യം വിലയിരുത്തി; ക്രമീകരണങ്ങൾ ഒരുക്കി

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ ദുരന്തസാധ്യതാമേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അത്യാവശ്യഘട്ടങ്ങളിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും തയ്യാറാക്കും. കൂടുതൽ ദുരന്തസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ള എട്ടു പ്രദേശങ്ങളിലെ 441 കുടുംബങ്ങളെ അടിയന്തരഘട്ടങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. ദുരന്തസാധ്യത ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 31 വരെ ജില്ലയിൽ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കംചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.

അവധിക്ക് നിയന്ത്രണം

ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാർ അവധിയെടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി.

അടിയന്തരസാഹചര്യങ്ങളിൽ അവധിയെടുക്കുന്നതിന് ജീവനക്കാർ കളക്ടറുടെ അനുമതി വാങ്ങണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..