അഭിഭാഷകന്റെ ആത്മഹത്യ; ബാങ്കിനുമുമ്പിലെ സമരം അവസാനിപ്പിച്ചു


ആധാരം തിരികെ നൽകും

പുല്പള്ളി : അഭിഭാഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിന്റെ ജപ്തിനടപടിയിൽ പ്രതിഷേധിച്ച് ഇടതു കർഷകസംഘടനകൾ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്കുമുമ്പിൽ നടത്തിയ സമരം പിൻവലിച്ചു. ബാങ്കധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്. ആത്മഹത്യ ചെയ്ത എം.വി. ടോമിയുടെ കുടുംബത്തിന്, പണയമായി ബാങ്കിൽ നൽകിയ ആധാരം തിരിച്ചുനൽകുക, ആശ്രിതനിയമനം നൽകുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കർഷക സമരസമിതി ബാങ്കിനുമുമ്പിൽ അനിശ്ചിതകാലസമരം തുടങ്ങിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മാനേജർ എസ്. ഈശ്വരനുമായി നടത്തിയ ചർച്ചയിൽ ആധാരം 15 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്ന് രേഖാമൂലം ഉറപ്പു ലഭിച്ചതായി സമരസമിതി നേതാക്കൾ പറഞ്ഞു. മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.

ഈ മാസം 12-നാണ് ജപ്തിനടപടിയിൽ മനംനൊന്ത് മുൻ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഇരുളം മുണ്ടോട്ട്ചുണ്ടയിൽ ടോമി (58) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തുടർന്ന് നാടെങ്ങും വൻ പ്രതിഷേധമാണുണ്ടായത്. ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം ടോമിയുടെ വീട്ടിലെത്തിയ കേണിച്ചിറ സബ് ഇൻസ്പെക്ടർ, കോടതി ഉദ്യോഗസ്ഥർ എന്നിവർക്കുനേരെ നടപടി വേണമെന്ന ആവശ്യമുയർന്നിരുന്നു. ബാങ്കിൽ കുടിശ്ശിക ഉണ്ടായിരുന്ന 16 ലക്ഷംരൂപയിൽ നാലുലക്ഷം രൂപ അടച്ചെങ്കിലും ബാക്കി തുകയ്ക്ക് സാവകാശം നൽകാതെ ബാങ്കുകാർ ജപ്തിക്കായി ടോമിയുടെ വീട്ടിലെത്തുകയായിരുന്നു. ബാങ്കിലെ കടം തീർക്കാൻ വീടും സ്ഥലവും കച്ചവടം പറഞ്ഞുറപ്പിച്ചിരുന്നു. ഇക്കാര്യം ബാങ്ക് അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും സാവകാശം നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

ടോമിയുടെ ആത്മഹത്യയെത്തുടർന്ന് ഇടതുസംഘടനകളുടെയും ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെയും നേതൃത്വത്തിൽ ശക്തമായ സമരമാണ് ബാങ്കിനുമുമ്പിൽ നടന്നുവന്നത്. ചൊവ്വാഴ്ച ബാങ്ക് ഉപരോധിച്ച കർഷക സമരസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്നറിയിച്ച് ബുധനാഴ്ചയും ബാങ്കിനുമുമ്പിൽ സമരസമിതി ഉപരോധം നടത്തി.

തുടർന്നാണ് ബാങ്കധികൃതർ ചർച്ചയ്ക്ക് തയ്യാറായത്. സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സമരസമിതി ഭാരവാഹികളായ എ.വി. ജയൻ, ടി.ബി. സുരേഷ്, എം.എസ്. സുരേഷ്ബാബു, പ്രകാശ് ഗഗാറിൻ, എസ്.ജി. സുകുമാരൻ, ബെന്നി കുറുമ്പാലക്കാട്ട്, എ.ജെ. കുര്യൻ, ബിന്ദു പ്രകാശ്, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സി.പി.എം. സമരം കബളിപ്പിക്കാൻ -എൻ.ഡി. അപ്പച്ചൻ

കല്പറ്റ : ജപ്തിനടപടികൾക്കെതിരായ സി.പി.എം. സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് സി.പി.എം. അടക്കമുള്ള ഇടതുപക്ഷമുന്നണിയിലെ പാർട്ടികൾ ശ്രമിക്കുന്നത്. ഭരണത്തിലിരിക്കുമ്പോൾ സർക്കാരിൽ സമ്മർദം ചെലുത്തി ജപ്തിനടപടികൾ നിർത്തിവെപ്പിച്ച് കർഷകന് സംരക്ഷണം കൊടുക്കേണ്ടതിനു പകരം സമരം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ദേശസാത്കൃത ബാങ്കുകളുടെയും കേരള ബാങ്കിന്റെയും മനുഷ്യത്വരഹിതമായ നടപടികൾ കാരണം ആത്മാഭിമാനമുള്ള കർഷകർ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ്.

ഭരണകർത്താക്കളുടെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ജപ്തിനടപടികളുമായി ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നത്.

കർഷകന് സഹായകരമായി നിൽക്കുന്ന പ്രാഥമികസംഘങ്ങളെ തകർത്ത് കേരള ബാങ്കിനെ വളർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകരുടെ വീടുകളിലേക്ക് ജപ്തിനടപടികളുമായി വരാനാണ് കേരള ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ നീക്കമെങ്കിൽ അതിനെ നേരിടാൻ കോൺഗ്രസ് മുന്നിലുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..