കല്പറ്റ : ചിപ്സ് മോഷ്ടിച്ചെന്നാരോപിച്ച് ലക്കിടിയിലെ നവോദയ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികൾ ഒമ്പതാംക്ലാസ് വിദ്യാർഥികളെ മർദിച്ചു. ഒമ്പതാംക്ലാസ് വിദ്യാർഥികളായ ആറുപേരെയാണ് പത്താംക്ലാസ് വിദ്യാർഥികളായ ഏഴുപേർ ചേർന്ന് മർദിച്ചത്. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽവെച്ചായിരുന്നു മർദനം. പത്താംക്ലാസ് വിദ്യാർഥികൾ കഴിക്കാൻ വെച്ചിരുന്ന ചിപ്സ് ഒന്‍പതാംക്ലാസുകാരായ വിദ്യാർഥികൾ എടുത്തെന്നാരോപിച്ച് ഡോർമിറ്ററിയുടെ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദിച്ചതെന്നാണ് പരാതി.
കൈകൊണ്ട് മുഖത്തും കഴുത്തിലും അടിച്ചതിനു പുറമേ, മുട്ടിൽ നിർത്തി ബക്കറ്റുകൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ ശരിയാക്കിക്കളയുമെന്ന് പത്താംക്ലാസ് വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകാരണം മർദനമേറ്റ വിദ്യാർഥികൾ ഹോസ്റ്റൽ അധികൃതരെയും വിവരമറിയിച്ചില്ല. വിദ്യാർഥികൾക്ക് മുഖത്തും കഴുത്തിനും പരിക്കേറ്റിരുന്നു. പരിക്ക് പുറത്തറിയാതിരിക്കാൻ ഒരുദിവസം മുഖാവരണവും സ്വറ്റർ ക്യാപ്പും ധരിച്ച് മുഖം മറച്ചാണ് കുട്ടികൾ പുറത്തിറങ്ങിയത്.
ഡോർമിറ്ററിയിൽ കഴിയുന്ന വിദ്യാർഥികൾക്ക് ആഴ്ചയിലൊരിക്കലേ വീട്ടിലേക്ക് ഫോൺ വിളിക്കാൻ അനുവാദമുള്ളൂ. ചൊവ്വാഴ്ച രാത്രി വീട്ടിലേക്കു വിളിച്ചപ്പോഴാണ് വിദ്യാർഥികൾ രക്ഷിതാക്കളോട് മർദനമേറ്റ വിവരം പറയുന്നത്. രണ്ടു വിദ്യാർഥികളുടെ രക്ഷിതാക്കൾ രാത്രിയും ബാക്കിയുള്ളവരുടെ രക്ഷിതാക്കൾ ബുധനാഴ്ച രാവിലെയും പരാതിയുമായി സ്കൂളിലെത്തി. രക്ഷിതാക്കൾ എത്തിയപ്പോഴാണ് സ്കൂൾ അധികൃതരും ഹോസ്റ്റലിൽ നടന്ന സംഭവത്തെക്കുറിച്ചറിയുന്നത്. തുടർന്ന് വൈത്തിരി പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ നിർദേശപ്രകാരം പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ചൊവ്വാഴ്ച രാത്രിതന്നെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ച കുട്ടികൾക്കുനേരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മർദനമേറ്റ കുട്ടികളുടെ രക്ഷിതാക്കൾ വൈത്തിരി പോലീസിൽ പരാതി നൽകി. സീനിയർ വിദ്യാർഥികളിൽനിന്ന് സ്ഥിരമായി മർദനം ഏൽക്കാറുണ്ടെന്ന് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകുമെന്ന് വൈത്തിരി പോലീസ് പറഞ്ഞു. മർദിച്ച വിദ്യാർഥികൾക്കുനേരെ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..