ഗൂഡല്ലൂർ : കനത്തമഴയിൽ വാൻ ഭിത്തിയിൽ ഇടിച്ച് ഓവുചാലിലേക്കു മറിഞ്ഞ് എട്ടുയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഗൂഡല്ലൂർ എം.എൽ.എ. ഓഫീസിനു സമീപത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചെന്നൈ പൂനമല്ലിയിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 13 പേരാണ് വാനിലുണ്ടായിരുന്നത്.
ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും ഗൂഡല്ലൂർ ഉച്ചിമല വ്യൂപോയന്റും സന്ദർശിച്ച ശേഷം മുതുമലയിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവർ വേണൈ പൂനമല്ലിക്കടുത്ത് തിരുമളിസൈ പ്രദേശത്തെ സുരേഷ് (30) ഉൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റത്. വാൻ റോഡിന്റെ ഇടതുവശത്തെ ബാരിയറിൽ ഇടിച്ച് അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശത്തെ ഗ്ലാസും ടയറുകളും തകർന്നു.
ദൂരത്തേക്ക് തെറിച്ചുവീണ ഡ്രൈവർ സുരേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാനിലുണ്ടായിരുന്ന ഏഴ് വിനോദസഞ്ചാരികൾക്കും പരിക്കേറ്റു. സമീപവാസികൾ ഓടിയെത്തിയാണ് വാനിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഗൂഡല്ലൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തിച്ചത്. ഗൂഡല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ പി. പൂരാജൻ, ട്രാഫിക് സബ് ഇൻസ്പെക്ടർ എസ്. രാജ്കുമാർ എന്നിവർ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..