ഉദ്ഘാടനത്തിനൊരുങ്ങിപനമരം പോലീസ് സ്റ്റേഷൻ


നിർമാണം തുടങ്ങിയത് 2019-ൽ

Caption

പനമരം : വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പനമരം പോലീസ് സ്റ്റേഷൻ കെട്ടിടം. ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലയിലുള്ളതാണ് പനമരം നിർമിതി വയലിൽ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്കെത്തി നിൽക്കുന്ന കെട്ടിടം. 2019-ൽ നിർമാണം തുടങ്ങിയ കെട്ടിടം അടുത്തുതന്നെ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുന്നതോടെ പനമരത്തെ നിയമപാലകരുടെ ദീർഘനാളത്തെ ദുരിതയാതനകൾക്കും അറുതിയാവും.

പന്ത്രണ്ട് വർഷത്തോളമായി പനമരം പോലീസിന് സ്വന്തമായൊരു കെട്ടിടം ഇല്ലായിരുന്നു. 2010-ൽ പനമരം വലിയ പുഴയോരത്തെ നിർമിതി വയലിലെ വാടകകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയതാണ് സ്റ്റേഷൻ. എട്ടു വർഷത്തോളം ഈ രണ്ടുനില കെട്ടിടത്തിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പ്രവർത്തിച്ചു. ചോർന്നൊലിക്കുന്നതായിരുന്നു കെട്ടിടം. സ്റ്റേഷനിലെത്തുന്നവർക്ക് ഒന്നിരിക്കാൻപോലും ഇവിടെ സൗകര്യമില്ലായിരുന്നു.

പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും ശൗചാലയവുമില്ലായിരുന്നു. 2018-ലെ മഹാപ്രളയത്തിൽ വലിയ പുഴ നിറഞ്ഞൊഴുകി പോലീസ് സ്റ്റേഷൻ മുങ്ങി. ഏതാനും കേസ് ഫയലുകളും ഉപകരണങ്ങളും നശിച്ചു. തുടർന്ന് താത്കാലികമായി ടൗണിലെ ബസ് സ്റ്റാൻഡിലുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം പുനരാരംഭിച്ച പോലീസ് സ്റ്റേഷൻ നാലാം പ്രളയവാർഷികം എത്തുമ്പോഴും അതേ ഇടത്ത് പ്രവർത്തിക്കുകയാണ്. മതിയായ സൗകര്യങ്ങളൊന്നും ഇല്ലാത്തതാണ് ഈ കെട്ടിടവും. കമ്യൂണിറ്റി ഹാളിന്റെ മൂന്നാംനിലയിലുള്ള പോലീസ് സ്റ്റേഷനിൽ നിയമപാലകർക്കൊന്ന് വസ്ത്രം മാറാൻ പോലുമുള്ള സൗകര്യമില്ല.

കുടിവെള്ളത്തിനും ബുദ്ധിമുട്ടാണ്. ലോക്കപ്പുപോലും ഇവിടെയില്ല. പ്രതികളെ ആറു കിലോമീറ്ററോളം അകലെയുള്ള കമ്പളക്കാട്ടെ സ്റ്റേഷനിലെ ലോക്കപ്പിലാക്കുകയാണ് പതിവ്.

കെട്ടിട നിർമാണം അവസാനഘട്ടത്തിൽ

പനമരം പാലംകവലയിൽ നിർമിതി വയലിലാണ് പുതിയ കെട്ടിടം. മണ്ണിട്ട് നികത്തിയ ഇടത്ത് പ്രളയത്തെ അതിജീവിക്കാൻ പില്ലറുകൾ സ്ഥാപിച്ച് ഏഴടിയോളം ഉയർത്തിയാണ് കെട്ടിട നിർമാണം. നിർമാണം ഇഴഞ്ഞു നീങ്ങിയത് ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. ഈ കെട്ടിടത്തിനോടൊപ്പം തൊട്ടടുത്ത് പണി തുടങ്ങിയ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പണികൾ പൂർത്തീകരിച്ച് 2020 മേയിൽ പ്രവർത്തനം തുടങ്ങിയിട്ടും പോലീസ് സ്റ്റേഷൻ കെട്ടിടം യാഥാർഥ്യമാവാത്തതായിരുന്നു ആക്ഷേപങ്ങൾക്കിടയാക്കിയത്.

1.56 കോടി രൂപയോളമാണ് പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്.

7500 ഓളം ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടത്തിൽ 29 മുറികളുണ്ട്. മൂന്നു ലോക്കപ്പും ഇതിൽപ്പെടും. ഇപ്പോൾ കെട്ടിടത്തിന്റെ അവസാന മിനുക്കുപണികളാണ് നടക്കുന്നത്.

പരിമിതികൾ ഇനിയുമേറെ

പുതിയ സൗകര്യങ്ങൾ ആയെങ്കിലും പനമരം പോലീസ് സ്റ്റേഷനിൽ ജീവനക്കാരുടെ കുറവുണ്ട്. വിരമിച്ച പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പകരം ആളെത്തിയിട്ടില്ല. ആകെ ഒരു ഹോം ഗാർഡാണ് സ്റ്റേഷനിലുള്ളത്. ഇനി നാലുപേരെക്കൂടി നിയമിക്കേണ്ടതുണ്ട്. നാലു വനിതപോലീസുകാരുടെ കുറവുമുണ്ട്. മൂന്നുപേരാണ് നിലവിലുള്ളത്. സ്റ്റേഷനിൽ കുടിവെള്ള സൗകര്യത്തിനായി കുഴൽക്കിണർ ഒരുക്കുന്നതിനുള്ള നീക്കങ്ങൾ ഒന്നുമായിട്ടില്ല. അതുപോലെ ചുറ്റുമതിലിനുള്ള അംഗീകാരം ആയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..