കൈപ്പഞ്ചേരിയിലെ സ്‌ഫോടകവസ്തു പ്രതികളായ സഹോദരങ്ങളെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും


സുൽത്താൻബത്തേരി : കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ പ്രതികളായ സഹോദരങ്ങളെ ബത്തേരി പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിൽവാങ്ങും. നിലമ്പൂരിലെ ഷൈബിൻ അഷ്‌റഫിന്റെ വീട് ആക്രമിച്ച് കവർച്ചനടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന കൈപ്പഞ്ചേരി സ്വദേശികളായ തങ്ങളകത്ത് വീട്ടിൽ നൗഷാദ്, സഹോദരൻ അഷ്‌റഫ് എന്നിവരെയാണ് സ്‌ഫോടകവസ്തു കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി നിലമ്പൂർ കോടതിയിൽ വ്യാഴാഴ്ച ബത്തേരി പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചശേഷം മഞ്ചേരി ജില്ലാജയിലിലുള്ള പ്രതികളെ ബത്തേരിയിലേക്കെത്തിക്കും. ഷൈബിന്റെ വീട്ടിൽ നടന്ന കവർച്ചക്കേസിൽ പിടിയിലായ അഷ്‌റഫുമായി നിലമ്പൂർ പോലീസ് കഴിഞ്ഞമാസം 28-ന് കൈപ്പഞ്ചേരിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. വീടിനുപിന്നിലെ വാഴത്തോട്ടത്തിൽ കുഴിച്ചിട്ടനിലയിൽ ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചരമീറ്റർ ഫ്യൂസ് വയറുമാണ് കണ്ടെടുത്തത്. ഇതിന്റെ തൊട്ടടുത്ത മറ്റൊരുകുഴിയിൽനിന്നും ഷൈബിന്റെ വീട്ടിൽനിന്നും അപഹരിച്ച നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ ബത്തേരി പോലീസാണ് കേസെടുത്തിരുന്നത്.

സഹോദരൻ നൗഷാദ് ഒളിപ്പിച്ചുവെക്കാൻ പറഞ്ഞുതന്ന രണ്ടുപൊതികൾ കുഴിച്ചിടുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇതിൽ സ്ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അഷ്റഫ് അന്ന് പോലീസിന് മൊഴിനൽകിയിട്ടുള്ളത്. സ്ഫോടകവസ്തു കണ്ടെടുത്ത് രണ്ടുദിവസത്തിനുള്ളിൽ, ഷൈബിന്റെ വീട്ടിൽനടന്ന കവർച്ചക്കേസിൽ നൗഷാദും നിലമ്പൂർ പോലീസിന്റെ പിടിയിലായി. തുടർന്ന് ബത്തേരി പോലീസ് നിലമ്പൂരിലെത്തി സ്ഫോടകവസ്തു പിടികൂടിയ കേസിൽ സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

പ്രവാസി വ്യവസായി ഷൈബിൻ അഷ്‌റഫ് നൽകിയ ക്വട്ടേഷൻപ്രകാരം ജില്ലയിലെ ഒരു രാഷ്ട്രീയനേതാവിനെ വകവരുത്താനായാണ് സ്ഫോടകവസ്തുക്കളെത്തിച്ചതെന്നാണ് വിവരങ്ങൾ. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതികളെ ചോദ്യംചെയ്താലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..