മണ്ണില്ല: ദുരിതചക്രത്തിൽ മൺകലക്കുടിലുകൾ


ഊർപ്പള്ളിയിൽ കലംനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബം

വെള്ളമുണ്ട

: കോവിഡ് കാലത്തിന്റെ ദുരിതത്തിൽനിന്ന് നാടെല്ലാം പതിയെ കരകയറിവരുമ്പോഴും പരമ്പരാഗത മൺപാത്രനിർമാണക്കാരായ കുംഭാരകോളനികളിൽ വറുതിയുടെ ചൂളകൾ പുകയുന്നു. മണ്ണിന്റെ ക്ഷാമംകൂടി വന്നതോടെ ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ജില്ലയിലെ മണിയങ്കോട്, കാരാപ്പുഴ അണക്കെട്ടിന്റെ തീരം, പനമരം എന്നിവിടങ്ങളിൽ മാത്രമാണ് മൺപാത്രനിർമാണത്തിന് അനുയോജ്യമായ മണ്ണുള്ളത്.

പനമരത്തും മണിയങ്കോട്ടും കലംനിർമാണത്തിന് മണ്ണെടുക്കുന്നതിന് നിയന്ത്രണം വന്നതോടെയാണ് ഇവരുടെ തൊഴിൽ കൂടുതൽ പ്രതിസന്ധിയിലായത്. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി കാരാപ്പുഴയിൽനിന്നാണ് അത്യാവശ്യത്തിന് മണ്ണ്‌ കൊണ്ടു വരുന്നത്. ഒരു ലോഡ് മണ്ണിന് ഇരുപതിനായിരം വരെയാണ് ചെലവാകുന്നത്. കല്ലും കലർപ്പുമില്ലാത്ത കളിമണ്ണ് കൈകൊണ്ട് മാന്തിയെടുക്കണമെന്നതും വെല്ലുവിളിയാണ്.

മുൻകാലങ്ങളിൽ പനമരം മാതോത്ത് പൊയിലിൽ നിന്നെല്ലാം മണ്ണെടുക്കാൻ കഴിയുമായിരുന്നു. മണ്ണെടുക്കുന്നതിന് നിയന്ത്രണങ്ങൾ വന്നതോടെ ഈ വാതിലുകളും അടഞ്ഞു. മണിയങ്കോട്ടും ഇതു തന്നെയാണ് അവസ്ഥ. മണ്ണെടുക്കുന്നതിനുള്ള അനുമതിക്കായി പ്രതിസന്ധിയെല്ലാം ചൂണ്ടിക്കാട്ടി അധികൃതർക്ക്‌ ഒട്ടേറെ തവണ നിവേദനം നൽകിയെങ്കിലും ഇതുവരെയും അനുകൂലമായ പ്രതികരണം ഒന്നുമില്ലെന്നാണ് ഇവർ പറയുന്നത്. പശിമ കൂടുതലുള്ള മണ്ണാണ് മൺപാത്രനിർമാണത്തിന് അനുയോജ്യം. ഇല്ലെങ്കിൽ ചൂളവെക്കുമ്പോൾ പൊട്ടിപ്പോകും. മൺപാത്രങ്ങളുടെ ഉറപ്പും കുറയും.

കൂടൊഴിയുന്നു പുതിയ തലമുറകൾ

വയനാട്ടിൽ കാവുംമന്ദം, ആലക്കണ്ടി, കൊയിലേരി, കല്ലൂർ എന്നിവിടങ്ങളിലാണ് പരമ്പരാഗത മൺപാത്ര നിർമാണക്കാരായ കുംഭാരസമുദായക്കാർ അധിവസിക്കുന്നത്. അരനൂറ്റാണ്ടിന് മുമ്പേ ഇവരുടെ തലമുറകൾ വയനാട്ടിലേക്ക് കുടിയേറിയവരാണ്. മുൻകാലത്ത് മൺപാത്രങ്ങൾക്ക് പ്രീതിയുണ്ടായതിനാൽ ഇവർക്ക് അല്ലല്ലില്ലാതെ കഴിഞ്ഞുപോകാമായിരുന്നു. ഇവരുടെ പിൻതലമുറയും കുടുംബമാകെ മൺപാത്ര തൊഴിലിൽ ഏർപ്പെട്ടിരുന്നു. പുതിയ തലമുറകളിൽ മൺപാത്രനിർമാണത്തിൽ പരമ്പരാഗതമായി ചെറുപ്പം മുതലേ വൈദഗ്ധ്യമുള്ളവരും നിത്യവൃത്തിക്ക് മറ്റു തൊഴിലിലേക്ക് ചേക്കേറുകയാണ്.

പരമ്പരാഗത കുടിൽവ്യവസായം മുന്നോട്ടു കൊണ്ടുപോകാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ ഈ തൊഴിൽ ഉപേക്ഷിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നാണ് പുതിയ തലമുറ പറയുന്നത്. വയനാട്ടിൽ 1000-ത്തിലധികം കുടുംബങ്ങൾ ഈ സമുദായത്തിലുണ്ടെങ്കിലും ഈ തൊഴിലിൽ വ്യാപൃതരാവുന്നത് ഇന്ന് നൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ്. കാവുംമന്ദത്തും കല്ലങ്കാരിയിലും പത്തു കുടുംബങ്ങൾ മാത്രമാണ് പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. കൊയിലേരി ഊർപ്പള്ളിയിൽ രണ്ടു കുടുംബം മാത്രമാണ് തൊഴിലിലുള്ളത്. മൂന്നരപ്പതിറ്റാണ്ടായി ഇവർ കൊയിലേരി പുഴയുടെ തീരത്താണ് താമസിക്കുന്നത്. മഴക്കാലത്ത് വീടുകളിൽ വെള്ളംകയറി ചൂളയടക്കം എല്ലാവർഷങ്ങളിലും നശിച്ചു പോകുന്നതും ഇവരുടെ കണ്ണീരാണ്.

(തുടരും)കലങ്ങളുണ്ടാക്കാൻ മണ്ണ് കിട്ടാതെയും വിറ്റുവരവില്ലാതെയും ദുരിതത്തിലാണ് ജില്ലയിലെ മൺപാത്ര നിർമാണത്തൊഴിലാളികൾ. മഴക്കാലത്തിന് മുമ്പേ കളിമണ്ണ് ശേഖരിച്ച് മഴക്കാലത്ത് വറുതിയില്ലാതെ കഴിയാൻ ചൂള പുകച്ചിരുന്ന കുടുംബങ്ങൾ ജീവിക്കാൻ ഇപ്പോൾ ഈ തൊഴിൽ ഉപേക്ഷിക്കുകയാണ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..