ജോസ് വെള്ളത്തിൽകുതിർന്ന നെല്ലും പുല്ലും തൊഴിലാളികളുടെ സഹായത്തോടെ വേർതിരിക്കുന്നു
മാനന്തവാടി : വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയാണ് ഉള്ളതെല്ലാം കിട്ടിയവിലയ്ക്ക് വിറ്റ് തരിയോട്ടെ കൊച്ചുമലയിൽ ജോസ് കല്ലോടിയിലെത്തിയത്. കൃഷിയായിരുന്നു ജോസിന്റെയും കുടുംബത്തിന്റെയും ജീവനോപാധി.
കാർഷിക വിളകൾക്ക് വന്യമൃഗങ്ങൾ ഭീഷണിയായതോടെയാണ് കല്ലോടി പൂളച്ചാലിൽ ഓരോ ഏക്കർ കരയും വയലും വാങ്ങി ജോസ് വീണ്ടും ജീവിതം പച്ച പിടിപ്പിച്ചുതുടങ്ങിയത്. 25വർഷമായി നെൽക്കൃഷി ഇല്ലാതിരുന്ന വയലിൽ ഇത്തവണ കൃഷിയിറക്കി. പള്ളിയറ പാടശേഖരത്തിനു കീഴിലാണ് ജോസിന്റെ വയൽ. രാവും പകലും വയലിൽ അധ്വാനിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന ജോസിന് നിരാശയായിരുന്നു ഫലം. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന വേനൽമഴയാണ് ജോസിന് തിരിച്ചടിയായത്. വെള്ളത്തിൽ മുങ്ങിയ കറ്റ ഏറെ പ്രയാസപ്പെട്ട് കൊയ്ത് കരയിലെത്തിച്ചു.
മെതിയന്ത്രം ഉപയോഗിച്ച് നെല്ലും പുല്ലും വേർതിരിക്കാൻ ശ്രമിച്ചപ്പോൾ വെള്ളത്തിൽ കുതിർന്ന നെല്ല് കുഴഞ്ഞു പോവുകയാണ്. തന്റെ പ്രയാസവുമായി ജോസ് എടവക കൃഷിഭവനെ സമീപിച്ചെങ്കിലും വയലിൽ നിന്ന് കൊയ്തെടുത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്. നെല്ല് വയലിൽ കിടന്ന് നശിച്ചാലേ നഷ്ടപരിഹാരം നൽകാൻ നിർവാഹമുള്ളൂ. ശേഷിക്കുന്ന നെല്ല് തൊഴിലാളികളെ കൂട്ടി എങ്ങനെയെങ്കിലും വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.
ഒരേക്കർ വയലിലാണ് കൃഷി ചെയ്തതെന്ന് ജോസ് പറഞ്ഞു. 'നല്ല വിളവുണ്ടായിരുന്നു. വൈക്കോൽ നശിച്ചാലും നെല്ല് കിട്ടുമല്ലോ എന്നു കരുതിയാണ് മെതിയന്ത്രം വാടകയ്ക്ക് എടുത്തുകൊണ്ടുവന്നത്. മെതിയന്ത്രം വഴി വൈക്കോലും നെല്ലും വേർതിരിച്ചെടുക്കാനാകുന്നില്ല. അതിന്റെ വാടകയും കൊടുക്കേണ്ടിവന്നത് മിച്ചം. തൊഴിലാളികളെ കൂട്ടി കറ്റ തല്ലിയെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അമ്പതിനായിരം രൂപയോളം നഷ്ടമുണ്ടായി. ഇങ്ങനെ പോയാൽ കർഷകർ എന്തു ചെയ്യും ?'. ജോസ് ചോദിക്കുന്നു.
കാലം തെറ്റിപ്പെയ്യുന്ന മഴ ജില്ലയിലെ മിക്ക കർഷകർക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. തൊഴിലാളികളെ കിട്ടാത്തതിനാൽ മിക്ക പാടങ്ങളിലും മൂപ്പെത്തിയ നെല്ലുകൾ കൊയ്യാതെ കിടക്കുകയാണ്. കഴിഞ്ഞ പത്തുദിവസത്തോളമായി മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലും നിർത്താതെ മഴ പെയ്യുന്നുണ്ട്. മഴ ഇനിയും തുടർന്നാൽ വൈക്കോൽപോലും ലഭിക്കില്ലെന്ന ആശങ്കയാണ് കർഷകർക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..