കൈപ്പഞ്ചേരിയിലെ സ്‌ഫോടകവസ്തുക്കൾഷൈബിൻ അഷ്‌റഫ് നൽകിയത്


സുൽത്താൻബത്തേരി : ജില്ലയിലെ രാഷ്ട്രീയ നേതാവിനെ വകവരുത്താനായി ഷൈബിൻ അഷ്‌റഫ് നൽകിയ സ്ഫോടകവസ്തുക്കളാണ് കൈപ്പഞ്ചേരിയിൽ ഒളിപ്പിച്ചിരുന്നതെന്ന് പ്രതികൾ അന്വേഷണസംഘത്തിനു മൊഴിനൽകിയതായി വിവരം.

കൈപ്പഞ്ചേരിയിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ പ്രതികളായ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. എന്നാൽ, ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേസിൽ പ്രതികളായ കൈപ്പഞ്ചേരി തങ്ങളകത്ത് വീട്ടിൽ നൗഷാദ്, സഹോദരൻ അഷ്‌റഫ് എന്നിവരെ വെള്ളിയാഴ്ചയാണ് ബത്തേരി പോലീസ് രണ്ടുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. നിലമ്പൂരിലെ ഷൈബിൻ അഷ്‌റഫിന്റെ വീട് ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ അഷ്‌റഫും നൗഷാദും മഞ്ചേരി ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. കവർച്ചക്കേസിന് പുറമേ മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലും നൗഷാദ് പ്രതിയാണ്. ബത്തേരി പോലീസ് രജിസ്റ്റർചെയ്ത സ്ഫോടകവസ്തു കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി നിലമ്പൂർ കോടതിയിൽ വ്യാഴാഴ്ച പോലീസ് അപേക്ഷ നൽകിയിരുന്നു.

കസ്റ്റഡിയിൽ വാങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതികളെ ബത്തേരിയിലെത്തിച്ചത്. തുടർന്ന് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം, ഇവരുടെ വൈദ്യപരിശോധന നടത്തി. സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം വൈകീട്ടോടെ കൈപ്പഞ്ചേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് മാറ്റിവെച്ചു. വീട്ടിലെ തെളിവെടുപ്പ് ശനിയാഴ്ച രാവിലെ പൂർത്തിയാക്കും. പ്രതികളുടെ ചോദ്യംചെയ്യൽ തുടരുകയാണ്. സ്ഫോടക വസ്തുക്കൾ എത്തിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിക്കാനുണ്ട്.

നിലമ്പൂർ മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടിൽ നടന്ന കവർച്ചക്കേസിൽ പിടിയിലായ അഷ്‌റഫുമായി നിലമ്പൂർ പോലീസ് കഴിഞ്ഞ മാസം 28-ന് കൈപ്പഞ്ചേരിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. വീടിന് പിന്നിലെ വാഴത്തോട്ടത്തിൽ കുഴിച്ചിട്ടനിലയിൽ ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചരമീറ്റർ ഫ്യൂസ് വയറുമാണ് കണ്ടെടുത്തത്. ഇതിന്റെ തൊട്ടടുത്ത മറ്റൊരു കുഴിയിൽനിന്നും ഷൈബിന്റെ വീട്ടിൽനിന്നും അപഹരിച്ച നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തിരുന്നു. സഹോദരൻ നൗഷാദ് ഒളിപ്പിച്ചുവെക്കാൻ പറഞ്ഞുതന്ന രണ്ട് പൊതികൾ കുഴിച്ചിടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇതിൽ സ്ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അഷ്‌റഫ് അന്ന് പോലീസിന് മൊഴി നൽകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..