ചെതലയത്ത് കാട്ടാനശല്യം രൂക്ഷം


Caption

സുൽത്താൻബത്തേരി : ചെതലയം പടിപ്പുരമേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാത്രി ജനവാസ മേഖലയിലെത്തിയ കാട്ടാനകൾ വ്യാപക കൃഷിനാശമാണ് വരുത്തിവെച്ചത്. പ്രദേശത്തെ കർഷകരായ പടിപ്പുര രവീന്ദ്രൻ, നാരായണൻ തെക്കേടത്ത്, ഷാജൻ, മനോജ്, വിശ്വനാഥൻ, മാളു ചെട്ടിച്ച്യാർ എന്നിവരുടെ വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്.

കുലച്ചതും കുലയ്ക്കാറായതുമായ നേന്ത്രവാഴകൾ, കായ്ഫലമുള്ള തെങ്ങ്, കമുക്, കുരുമുളക് തുടങ്ങിയ തോട്ടങ്ങളിലെ സർവവിളകളും കാട്ടാനകൾ തിന്നും കുത്തിമറിച്ചും ചവിട്ടിമെതിച്ചുമെല്ലാം തരിപ്പണമാക്കി. രവീന്ദ്രന്റെ കൃഷിയിടത്തിലെ തെങ്ങ് സമീപത്തെ വൈദ്യുതലൈനിന് മുകളിലേക്ക് കുത്തിമറിച്ചിട്ടതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണവും തകരാറിലായി. മാസങ്ങളായി ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. ലക്ഷങ്ങളുടെ കൃഷിനാശമാണ് കർഷകർക്കുണ്ടായത്. വന്യമൃഗങ്ങൾ വരുത്തിവെക്കുന്ന കൃഷിനാശങ്ങൾക്ക് അർഹമായ നഷ്ടപരിഹാരത്തുക കണക്കാക്കാത്തതും, അത് കൃത്യസമയത്ത് നൽകാത്തതും കർഷകർക്ക്‌ തിരിച്ചടിയാണ്. വനാതിർത്തിയിലെ കിടങ്ങും, സോളാർ വൈദ്യുതവേലിയും തകർത്താണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കാൻതുടങ്ങിയിട്ട് നാളേറെയായിട്ടും അത് പരിഹരിക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

വനാതിർത്തിയിലെ പ്രതിരോധസംവിധാനങ്ങൾ ഫലപ്രദമാക്കിയും കാവലിന് വാച്ചർമാരെ നിയമിച്ചും വന്യമൃഗശല്യം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മരകാവിൽ ഒറ്റയാന്റെ ശല്യം രൂക്ഷം

പുല്പള്ളി : മരകാവിലും പരിസരപ്രദേശങ്ങളിലും കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നു.നെയ്ക്കുപ്പ വനത്തിൽ നിന്നെത്തുന്ന ഒറ്റയാനാണ് നാശനഷ്ടങ്ങളുണ്ടാക്കുന്നത്. കാപ്പിക്കുന്ന്, മൂഴിമല, കൊട്ടമുരട്, വേലിയമ്പം, മരകാവ് പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഒറ്റയാൻ ഭീതി വിതയ്ക്കുകയാണ്. കാർഷികവിളകളെല്ലാംതന്നെ കാട്ടാന നശിപ്പിക്കുകയാണ്. വനാതിർത്തിയിലെ കിടങ്ങുകൾ നാളുകളായി തകർന്ന് കിടക്കുന്നതാണ് ആന നാട്ടിലേക്കിറങ്ങാൻ വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഒറ്റയാനെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..