‘ധനശ്രീ’: ‘ധനശ്രീ’


‘ഹോട്ടൽ ചിത്രശാല’

Caption

വി.ഒ. വിജയകുമാർപ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണഘടനാശില്പി ബി.ആർ. അംബേദ്‌കർ, മിസൈൽമാൻ എ.പി.ജെ. അബ്ദുൽകലാം, രാഷ്ട്രീയനേതാക്കളായ എ.കെ.ജി., ഇ.എം.എസ്., കെ. കരുണാകരൻ, ഇ.കെ. നായനാർ, കെ.ആർ. ഗൗരിയമ്മ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി... ചുമരിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ കണ്ടാൽ ഏതോ ചിത്രശാലയിലെത്തിയപോലെ തോന്നും. ഫോട്ടോ നോക്കിയങ്ങനെ ഇരുന്നേക്കരുത്. പിറകിൽ ഭക്ഷണത്തിന് കാത്തുനിൽക്കുന്നവർ ഏറെയുണ്ടെന്നോർക്കണം. ഇത് മാനന്തവാടി- തലശ്ശേരി റോഡിലെ പി. സരോജിനിയുടെ ‘ധനശ്രീ’ ഹോട്ടൽ. ജനകീയ ഹോട്ടൽ എന്ന ആശയം വരുന്നതിനുമുമ്പേ ജനകീയമായ ഭക്ഷണശാല. എഴുത്തുകാരൻ എം.പി. വീരേന്ദ്രകുമാർ, കവി എ. അയ്യപ്പൻ, സുഗതകുമാരി, ഒ.എൻ.വി., പഴശ്ശി രാജാവ്, കരുണാനിധി, ജയലളിത, എം.ജി.ആർ., മദർ തെരേസ, ഗുരു ചേമഞ്ചേരി തുടങ്ങി 144 ചിത്രങ്ങളാണ് ഫ്രെയിംചെയ്ത് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.

‘‘ഭർത്താവിന് മരക്കച്ചോടമായിരുന്നു പണി. എന്നും വീട്ടിൽ ഭക്ഷണം കഴിക്കാനായി പുറത്തുനിന്ന് രണ്ടിലധികംപേരുണ്ടാകും. അങ്ങനെ ഭക്ഷണംവെച്ചുള്ള പരിചയമാണ്. എല്ലാവർക്കും വെച്ചുവിളമ്പിക്കൊടുക്കാൻ ഒരുപാടിഷ്ടമാണ്. 20 കൊല്ലത്തിലധികമായി ഈ ജോലിചെയ്യുന്നു’’. ഭക്ഷണംപോലെ മനുഷ്യനെ തൃപ്തിപ്പെടുത്താനാവുന്ന മറ്റെന്തുണ്ട് ഭൂമിയിലെന്ന് സരോജിനി. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ 68 പിന്നിട്ട സരോജിനി ഓടിനടക്കുകയാണ്.

48-ാമത്തെ വയസ്സിൽ ക്ലബ്ബുകുന്നിലെ വീടിനോടുചേർന്നാണ് ഭക്ഷണം വെച്ചുവിളമ്പിത്തുടങ്ങിയത്. മകൻ സുജിത്തിന്റെ ആശയമായിരുന്നു ഇത്. ആദ്യം അഞ്ചുകിലോ അരിവെച്ചാണ് തുടക്കം. അന്ന് ചോറിന് എട്ടുരൂപയായിരുന്നു. ആളുകളുടെ എണ്ണം കൂടിയതോടെ അരിയുടെ അളവുകൂട്ടി. ഇടയ്ക്ക് നിർത്തിയെങ്കിലും ഭക്ഷണത്തിന്റെ രുചിയറിഞ്ഞവർ നിർബന്ധിച്ചതോടെ വീണ്ടും ഹോട്ടൽ തുറന്നു. ഇപ്പോൾ 60 കിലോ അരിയുടെ ചോറാണ് ഒരുദിവസം വെക്കുന്നത്. നാലരലക്ഷം രൂപ ചെലവഴിച്ചാണ് ഹോട്ടൽ ഇന്നുകാണുന്ന നിലയിലാക്കിയത്. ക്ലബ്ബുകുന്നിലെ ‘ധനശ്രീ’ കുടുംബശ്രീ അംഗമായിരുന്നതിനാലാണ് ആറുവർഷംമുമ്പ് തുടങ്ങിയ ഹോട്ടലിന് ഈപേരിട്ടത്. രണ്ടുവർഷമായി മാനന്തവാടി നഗരസഭയിലെ ജനകീയ ഹോട്ടലും ഇതാണ്.

കോവിഡ് വ്യാപന സമയത്ത് ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിലും നഗരസഭയുടെ കീഴിലുള്ള കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഭക്ഷണമെത്തിച്ചത് സരോജിനിയാണ്. ആർക്കും ഭക്ഷണം നൽകാൻകഴിയാത്ത സമയത്ത് തനിക്ക് ഭക്ഷണം നൽകാനായത് അനുഗ്രഹമാണെന്ന് സരോജിനി.

‘‘മാനന്തവാടിയിലെ സിൻഡിക്കേറ്റ് ട്രേ‌ഡേഴ്‌സിനോടാണ് കൂടുതൽ കടപ്പാട്. കോവിഡ് സമയത്തും ഒമ്പതുലക്ഷം രൂപയുടെ സാധനങ്ങളാണ് കടമായി അവർ നൽകിയത്. ഞാൻ മരിച്ചുപോയാൽ പൈസ തിരിച്ചുകിട്ടില്ലല്ലോ എന്നവർ ചിന്തിച്ചില്ല. കുടുംബശ്രീ ജില്ലാമിഷനിൽനിന്ന് അമ്പതിനായിരം സഹായധനം കിട്ടി. ഹോട്ടലിന്റെ വാടകയും കറന്റ് ബില്ലും മാനന്തവാടി നഗരസഭ നൽകുമെന്നറിയിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. ഒരു ദിവസം 2250 രൂപയുടെ പാചകവാതകം വേണം; ആയിരം രൂപ വാടകയും. രണ്ടുമാസം കൂടുമ്പോൾ 2800 രൂപയോളം കറന്റ് ബില്ലും അടയ്ക്കണം. തൊഴിലാളികളായ ആറുപേർക്കുള്ള കൂലിയും കണ്ടെത്തണം. പിടിച്ചുനിൽക്കണമെങ്കിൽ നഗരസഭയുടെ സഹായം കൂടിയേ തീരൂ. മക്കൾക്കൊന്നും ഞാനീ ജോലിചെയ്യുന്നതിനോട് താത്‌പര്യമില്ല. പ്രായമായില്ലേ. വീട്ടിലിരിക്ക് എന്നാണുപറയുന്നത്. എന്നാൽ ഞാൻ എനിക്ക് കഴിയുന്ന കാലംവരെ ഈ ജോലി ചെയ്യും’’ -സരോജിനി പറഞ്ഞു. സരോജിനിയുടെ ഭക്ഷണത്തിന്റെ രുചിതേടി ആളുകൾ ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്‌...

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..