കടുവപ്രശ്നം നഗരസഭയിലും


പിടികൂടണമെന്ന് ബത്തേരി നഗരസഭയുടെ പ്രമേയം

Caption

സുൽത്താൻബത്തേരി : ജനവാസ മേഖലകളിൽ കടുവ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെതിരേ ബത്തേരി നഗരസഭ നിലപാട് കടുപ്പിക്കുന്നു. നാട്ടിലിറങ്ങി ഭീതിപരത്തുന്ന കടുവയെ കൂടുവെച്ച് പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നഗരസഭാ ഭരണസമിതിയോഗം പ്രമേയം പാസാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ നഗരസഭാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചുചേർത്താണ് പ്രമേയം പാസാക്കിയത്.

നഗരസഭയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പലപ്രദേശങ്ങളും വനത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ സമീപകാലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ജനവാസ കേന്ദ്രങ്ങളായ ചീനപ്പുല്ല്, മന്ദംകൊല്ലി, പൂതിക്കാട്, ദൊട്ടപ്പൻകുളം, കട്ടയാട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്തവിധത്തിലേക്ക് സ്ഥിതിഗതികൾ വഷളായിട്ടുണ്ട്.

ജനങ്ങളെല്ലാം ഭീതിയോടെയാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ വന്യമൃഗശല്യം പരിഹരിക്കുന്നതിനും കടുവയെ പിടികൂടുന്നതിനും അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് അവതരിപ്പിച്ച പ്രമേയത്തെ വാർഡംഗങ്ങളായ കെ.സി. യോഹന്നാൻ, രാധാ രവീന്ദ്രൻ എന്നിവർ പിന്താങ്ങി. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തിന്റെ പകർപ്പ് വനംമന്ത്രിക്കും വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറും.

മെല്ലെപ്പോക്കിൽ വനംവകുപ്പ്

കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നഗരസഭ സർവകക്ഷിയോഗം വിളിച്ചുചേർത്ത് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാൻ തീരുമാനമെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ചൊവ്വാഴ്ച വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബുവുമായി ചർച്ചയും നടത്തിയിരുന്നു.

ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിച്ചിട്ടില്ലാത്തതിനാൽ കടുവയെ പിടികൂടുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നായിരുന്നു ആദ്യം വനംവകുപ്പിന്റെ നിലപാട്. ഇതിനെതിരേ വിവിധ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..