കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ പ്രാദേശിക ഇടപെടലുകൾ വേണം -എം.വി. ശ്രേയാംസ്‍‍കുമാർ


മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിന്റെ കാലാവസ്ഥാ സാക്ഷരതാപദ്ധതി എം.വി. ശ്രേയാംസ് കുമാർ ഉദ്‌ഘാടനംചെയ്യുന്നു

മീനങ്ങാടി : കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ പ്രാദേശികമായും പലതും ചെയ്യാനാകുമെന്ന് മുൻ എം.പി. എം.വി. ശ്രേയാംസ്‌കുമാർ. മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിന്റെ കാർബൺ ന്യൂട്രൽപദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാ സാക്ഷരതാപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വികസിത രാജ്യങ്ങളുടെ കാർബൺ ബഹിർഗമനത്തോതിനെക്കുറിച്ചാണ് പറയുന്നത്. പ്രാദേശികമായും നമുക്കേറെ കാര്യങ്ങൾ ചെയ്യാനാകും. മണ്ണിന്റെഘടന നിലനിർത്താനും കാർബൺബഹിർഗമനം കുറയ്ക്കാനും അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് മീനങ്ങാടിയിൽ കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കുമ്പോൾമുതൽ സഹകരിക്കുന്നുണ്ട്. പുതിയ പഞ്ചായത്ത് ഭരണസമിതിയും നല്ലരീതിയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. മീനങ്ങാടിയുടെ മാതൃകയിൽ സമീപപഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കേണ്ടതാണെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.

വയനാട്ടിലെ കാലാവസ്ഥയിൽവന്ന മാറ്റങ്ങൾ ചെറുതല്ല. അന്തരീക്ഷതാപനില 34 ഡിഗ്രി സെൽഷ്യസ് വരെയായി. മഴയുടെ വരവും പോക്കും തീവ്രതയും പ്രവചിക്കാനാവുന്നില്ല. തനിക്ക് ശുദ്ധവായു ശ്വസിച്ചുമരിക്കാനുള്ള ഭാഗ്യമുണ്ടാവും, തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും ആ ഭാഗ്യമുണ്ടാകുമോ എന്നു സംശയിക്കുന്നുവെന്ന് 1984-ൽ കോഴിക്കോട്ട് ഒരു പ്രസംഗവേദിയിൽ എം.പി. വീരേന്ദ്രകുമാർ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ സത്യമാവുകയാണ്.

വ്യവസായവത്കരണത്തിന് ശേഷം പരിസ്ഥിതിയെ പരിഗണിക്കാത്ത ഇടപെടലുകളിലൂടെ പ്രകൃതിക്ക് വലിയ ആഘാതങ്ങൾ സൃഷ്ടിച്ച തലമുറയാണ് നമ്മുടേത്. വരുംതലമുറയുടെ ഭാവി നമ്മുടെ കൈയിലാണ്. അതിനാൽ കാർബൺ ന്യൂട്രൽപോലുള്ള പദ്ധതികൾ എല്ലാ പഞ്ചായത്തുകളും ഏറ്റെടുക്കേണ്ടതാണെന്നും ശ്രേയാംസ്‍കുമാർ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷതവഹിച്ചു. കാലാവസ്ഥാ സാക്ഷരതാപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രാമസഭകൾ വിളിച്ച് ബോധവത്കരണം നടത്തും.

ഓരോ വാർഡിലും രണ്ടു വീതം വൊളന്റിയർമാരെ നിയമിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജനങ്ങളിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയും അതുവഴി ജനകീയമുന്നേറ്റം നടത്തുകയുമാണ് ലക്ഷ്യം.

തണൽ ഡയറക്ടർ എസ്. രാജു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്‍റത്ത്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, വാർഡംഗങ്ങളായ ശാരദാ മണി, നാസർ പാലക്കമൂല, സെക്രട്ടറി പി.വി. ചിന്നമ്മ, എൻ. ബാദുഷ, വർഗീസ് വട്ടേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..