മുങ്ങിനടക്കുകയായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ


മാനന്തവാടി : നാലുവർഷമായി മുങ്ങിനടക്കുകയായിരുന്ന മോഷണക്കേസ് പ്രതിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു‍. മാനന്തവാടി അഞ്ചാംമൈൽ കുനിയിൽ അയൂബ് (41) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മോഷണമുതലുകൾ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര ബിച്ച മൻസിലിൽ അബ്ദുൾ നാസറിനെയും (ആഷിക്ക്-54) പോലീസ് അറസ്റ്റു ചെയ്തു. കളമശ്ശേരി പോലീസിന്‍റെ സഹായത്തോടെ എറണാകുളത്തു നിന്നാണ് അയൂബിനെ ബുധനാഴ്ച മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ നാസറിനെ കോഴിക്കോട്ടുനിന്നും പിടികൂടി.

2018-ൽ അഞ്ചാംമൈലിലെ കാട്ടിൽ ഉസ്മാന്‍റെ വീട്ടിൽനിന്ന് 30 പവൻ മോഷ്ടിച്ച കേസിൽ പ്രതിയായതോടെയാണ് അയൂബ് നാടുവിട്ടത്. ഇതേവർഷം എടവക ചുണ്ടമുക്കിലെ അടുവാട്ട് കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ നിന്നും ഇരുപത്തിയെട്ടര പവൻ സ്വർണവും മോഷ്ടിച്ചിരുന്നു. ഓട്ടോഡ്രൈവറായിരുന്ന അയൂബ് ഓട്ടംപോകുന്ന വീടുകൾ നോക്കിവെച്ച ശേഷം മോഷണം നടത്തുന്നരീതിയാണ് സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനുള്ള സാമഗ്രികളും വാഹനത്തിൽ സൂക്ഷിച്ചിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയം തോന്നിയ അയൂബ് കോഴിക്കോട്ടേക്കാണ് ആദ്യം നാടുവിട്ടത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി പല ജോലികളിൽ ഏർപ്പെട്ടു. ഇതിനിടെയാണ് അയൂബ് എറണാകുളത്തുണ്ടെന്ന വിവരം മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനു ലഭിച്ചത്. മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം, എസ്.ഐ. ബിജു ആൻറണി വെള്ളമുണ്ട സ്റ്റേഷനിലെ എ.എസ്.ഐ. ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പിന്നീട് അന്വേഷണം നടത്തിയത്. അയൂബിനെ ഏറെനാളുകൾ നിരീക്ഷിച്ചശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

2006-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ അയൂബിന്‍റെ പേരിൽ മോഷണക്കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2014-ൽ അഞ്ചാംമൈലിലെ നുച്യൻ മൊയ്തുവിന്‍റെ വീട്ടിൽനിന്ന് പത്തര പവനും ഒന്നേമുക്കാൽ ലക്ഷംരൂപയും കവർന്ന കേസിലും പുതുശ്ശേരിക്കടവിലെ അബ്ദുള്ളയുടെ വീട്ടിൽനിന്ന് എട്ടുപവൻ കവർന്ന കേസിലും അയൂബ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മാനന്തവാടി സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ. വിഷ്ണുരാജൻ, എ.എസ്.ഐ.മാരായ എം. സന്ദീപ്, മെർവിൻ ഡിക്രൂസ്, എ. നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോയ് തോമസ്, വി. ബഷീർ, വെള്ളമുണ്ട സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സി. ഹക്കീം, സിവിൽ പോലീസ് ഓഫീസർ വി.കെ. വിപിൻ, മാനന്തവാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. അഫ്സൽ, എം.എ. സുധീഷ്, പി.എസ്. അജീഷ്, ജിക്സൺ ജെയിംസ്, പോലീസ് ഡ്രൈവർമാരായ കെ.വി. ബൈജു, ബി. ഇബ്രാഹിം എന്നിവരും കേസന്വേഷണത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..