മൃതദേഹം മാറ്റാനനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം


കുങ്കിയാനയെ സ്ഥലത്തെത്തിച്ചു പരിശോധന

ഗൂഡല്ലൂർ ഓവേലി ആറാട്ടുപാറയിൽ നാട്ടുകാർ ആനന്ദരാജിന്റെ മൃതദേഹം കിടന്നസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിക്കുന്നു

ഗൂഡല്ലൂർ : ഓവേലി ആറാട്ടുപാറയിലെ ചായക്കടക്കാരൻ കാട്ടാനയുടെ ചവിട്ടേറ്റുമരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം സംഭവസ്ഥലത്തുനിന്നു മാറ്റാൻവിടാതെയാണ് മരിച്ച ആനന്ദരാജിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. തമിഴ്‌നാട്ടിൽ വനാവകാശനിയമത്തിലെ വകുപ്പ് 17 പ്രകാരം യാതൊരു നിർമാണപ്രവൃത്തിയും അനുവദിക്കാത്ത ടൗൺ പഞ്ചായത്താണ് ഓവേലി.

അതിരാവിലെ തന്റെ ജീവിതോപാധിയായിരുന്ന ചായക്കട തുറക്കാൻ പോകുംവഴിയാണ് ആനന്ദരാജ് കൊല്ലപ്പെട്ടത്. സമീപത്തെ തേയിലത്തോട്ടത്തിലുണ്ടായിരുന്ന കാട്ടാന റോഡിലൂടെ നടന്നുപോവുകയായിരുന്ന ആനന്ദരാജിനെ പിറകിലെത്തി ആക്രമിക്കുകയായിരുന്നു. കമിഴ്ന്നുവീണ ആനന്ദരാജിന്റെ മുതുകിലാണ് കാട്ടാനയുടെ ചവിട്ടേറ്റതെന്ന് വനപാലകർ പറഞ്ഞു. സംഭവസ്ഥലത്തുവെച്ചുതന്നെ ആനന്ദരാജ് മരിച്ചു.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് തങ്ങളുടെ ജീവൻ രക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാരോപിച്ച് നൂറുകണക്കിന് നാട്ടുകാർ മൃതദേഹത്തിനുസമീപം തടിച്ചുകൂടുകയും വനംവകുപ്പധികൃതരെത്താതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് നിലപാടെടുത്തു. സംഭവസ്ഥലത്തെത്തിയ പൊൻജയശീലൻ എം.എൽ.എ.യും നാട്ടുകാരുടെ ആവശ്യം വനംവകുപ്പധികൃതരെ അറിയിച്ചു. തുടർന്നെത്തിയ ഗൂഡല്ലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കൊമ്മു ഓംകാരം നാട്ടുകാരുമായി സംസാരിക്കുകയും കാട്ടാനയെ വനത്തിലേക്ക്‌ തുരത്താനുള്ള നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, മൃതദേഹം ഏറ്റുവാങ്ങണമെങ്കിൽ കുങ്കിയാനകളെയുൾപ്പെടെ പ്രദേശത്ത് എത്തിക്കണമെന്ന് ആൾക്കൂട്ടം ശഠിച്ചു. തുടർന്ന് മുതുമലയിൽനിന്ന് കുങ്കിയാനയെ നിയോഗിച്ചതോടെയാണ് ആൾക്കൂട്ടം പിരിഞ്ഞുപോയത്. മരിച്ച ആനന്ദരാജിന്റെ മൃതദേഹം ഗൂഡല്ലൂർ ജില്ലാ ഗവ. ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു സംസ്കരിച്ചു.

വേദനയായി, മൂന്നുപേരുടെ മരണം

-ലെ ജനുവരിയിലാണ് ഇവിടെ ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയനംഗം കൊലപ്പുള്ളി ഡിവിഷനിൽ നിന്നുള്ള ആനപ്പള്ളത്തെ ആനന്ദരാജിനെ (കണ്ണൻ)യും മകൻ പ്രശാന്തിനെയും ആന ചവിട്ടിക്കൊന്നത്. രണ്ടുദിവസംമുമ്പ് ചേരമ്പാടിയിലെ വനംവകുപ്പ് ജീവനക്കാരൻ സുരേഷിനെ 10 ലൈനിലെ ശ്മശാനത്തിനുസമീപത്തും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

ദുരന്തം മനസ്സിൽനിന്ന്‌ മായില്ല

ആറരയോടെ തൊഴുത്തു വൃത്തിയാക്കുന്നതിനിടയിലാണ് കാട്ടാനയുടെ ചിന്നം വിളിയും നിലവിളിയും കേട്ടത്. ഉറക്കെയുള്ള ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് ആൾക്കൂട്ടവും കാട്ടാനയുടെ ചവിട്ടേറ്റുവീണ ആനന്ദരാജിന്റെ മൃതദേഹവും കാണുന്നത്. അയൽക്കാരനുസംഭവിച്ച ദുരന്തം മനസ്സിൽനിന്നും മായ്ക്കാനാവില്ല. ജനവാസകേന്ദ്രങ്ങളിലാണ് കാട്ടാനവരുന്നത്.

നവനീതൻ, ആനന്ദരാജിന്റെ അയൽവാസി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..